| Monday, 13th June 2022, 5:50 pm

'സി.ബി.ഐ നിങ്ങളെ രസിപ്പിക്കും, ത്രസിപ്പിക്കും'; ഒരു ത്രില്ലര്‍ എങ്ങനെ എടുക്കരുതെന്നതിന് ഏറ്റവും നല്ല ഉദാഹരണം: വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ചതാണ് മമ്മൂട്ടി-എസ്.എന്‍. സ്വാമി-കെ. മധു കോമ്പോയുടെ സി.ബി.ഐ സിരീസുകള്‍. ഒരേ സംവിധായകനും നായകനും തിരക്കഥാകൃത്തും ഒന്നിക്കുന്നു എന്നതിലുപരി മികച്ച ത്രില്ലറുകള്‍ കൊണ്ടുവരാന്‍ സി.ബി.ഐ സിരീസുകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതിന് ഏറ്റവും വലിയ അപവാദമായിരിക്കുകയാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍.

സിനിമയുടെ റിലീസ് സമയത്ത് തന്നെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ജൂണ്‍ 12ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും സംവിധാനത്തിലെ പാളിച്ചകളും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം പ്രേക്ഷകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ‘അവിഹിത’മില്ലാതെ ത്രില്ലറുകള്‍ ഉണ്ടാക്കാനാവില്ലേ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. ഒപ്പം ബാസ്‌കറ്റ് കില്ലിങ് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറ് പോലെയായി എന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ആശാ ശരത്ത്, രമേഷ് പിഷാരടി, അന്‍സിബ ഹസന്‍, രഞ്ജി പണിക്കര്‍ ഉള്‍പ്പെടെയുള്ള അഭിനേതാളുടെ പ്രകടനവും സോഷ്യല്‍ മീഡിയ കീറി മുറിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ ചില സി.ബി.ഐ വിമര്‍ശനങ്ങള്‍

‘ഈ കഥ ഒരു നനഞ്ഞ പടക്കം മാത്രമായി. അന്വേഷണ വിധേയമായി കഥ എഴുതാമായിരുന്നു. ഇല്ലേല്‍ ക്രൈംത്രില്ലര്‍ സിനിമകളുടെ റഫറന്‍സ് എടുത്ത് എഴുതണമായിരുന്നു. സി.ബി.ഐ:5 ദ ബ്രെയിന്‍ എന്നതില്‍ ബ്രെയിന്‍ എന്നത് കാണുന്നവര്‍ക്ക് ഇല്ലാ എന്ന് കരുതിയായിരിക്കും ഉപയോഗിച്ചത് എന്ന് തോന്നുന്നു. അഭിനയിച്ചവര്‍ എല്ലാം വെറുപ്പിച്ച് കൈയ്യില്‍ തന്നു. ആശ ശരത്ത് നാടകത്തില്‍ അഭിനയിക്കുന്നത് പോലെ തോന്നി. രഞ്ജി പണിക്കര്‍ മസില് വിട്ട ഒരു കളിക്കും നില്‍ക്കില്ല. പിഷാരടിയും അന്‍സിബയുമെല്ലാം എന്തിനോ തിളയ്ക്കുന്നു സാമ്പാറായിരുന്നു.  സേതുരാമയ്യര്‍ വടിയും കുത്തിപ്പിടിച്ച് കേസന്വഷിക്കാന്‍ ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു’.

‘മമ്മൂട്ടി നായകനായ സി.ബി.ഐ ഫ്രാഞ്ചൈസി പടത്തിന്റെ ലാസ്റ്റ് പാര്‍ട്ട് മലയാള സിനിമയിലെ ത്രില്ലര്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുമെന്നും, ഇനി വരാന്‍ പോകുന്ന പടങ്ങള്‍ക്ക് ഇതാണ് മാതൃക ആകുകയെന്നും സിനിമ ഇറങ്ങുന്നതിന് മുന്നേ സ്വാമി പറഞ്ഞത് ഓര്‍ക്കുന്നു. ശരിയാണ്, ഇനി എഴുതുന്നവര്‍ ഇങ്ങനൊരു ത്രില്ലര്‍ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കും എന്നതായിരിക്കും സ്വാമി ഉദ്ദേശിച്ചത്. ബാസ്‌കറ്റ് കില്ലിംഗ് എന്നെല്ലാവരും ഇടക്കിടെ പറയുന്നത് ഇമ്മാതിരി സംഗതി ആണെന്ന് ആര് കണ്ടു. ശ്രീ ജഗതി ശ്രീകുമാറിനെ ഒരിക്കല്‍ കൂടെ സ്‌ക്രീനില്‍ കാണാനായതില്‍ സന്തോഷം’.

‘സി.ബി.ഐ അഞ്ചാം ഭാഗം കഷ്ടപ്പെട്ട് കണ്ടു തീര്‍ത്തപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മള്‍ ആസ്വദിച്ച സി.ബി.ഐ സിനിമകളുടെ അനുഭവത്തിന്റെ ഒരു തരി പോലും അഞ്ചാം ഭാഗത്തിന് നല്‍കാനായില്ല എന്നതാണ് സത്യം’.

‘മിസ്റ്ററി ത്രില്ലറുകളുടെ പുതിയ തലങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറയുടെ മുന്നിലേക്ക് ഒട്ടും അപ്‌ഡേറ്റഡ് അല്ലാത്ത ഒരു സ്‌ക്രിപ്റ്റുമായി വരുന്നതിനു മുമ്പ്‌ സ്വാമി രണ്ടു പ്രാവശ്യം ആലോചിക്കണമായിരുന്നു. സീറ്റ് എഡ്ജ് ത്രില്ലറുകളുടെ കാലഘട്ടത്തില്‍ സിനിമയുടെ തുടക്കം മുതല്‍ അവസാനം കാണുന്ന പ്രേക്ഷകരെ ഒട്ടും എന്‍ഗേജ്ഡ് ആകാത്ത മേക്കിങ് ആയി വരുന്നതിന് മുമ്പ്‌ മധുവിനെങ്കിലും ചിന്തിക്കായിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗം കഥ കേട്ട് താന്‍ ചെയ്ത് മികച്ചതാക്കി പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ സേതുരാമയ്യരായി വീണ്ടും മാറുന്നതിനു മുമ്പ്‌ മമ്മൂക്കക്കും ഒന്നൂടെ ആലോചിക്കായിരുന്നു’.

Content Highlight: criticism against cbi 5 the brain after ott release

We use cookies to give you the best possible experience. Learn more