ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനദിവസം മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി; കൂട്ടവധശിക്ഷക്ക് പിന്നാലെ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനം
റിയാദ്: രാജ്യത്ത് കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ സൗദി അറേബ്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.
ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ബോറിസ് ജോണ്‍സണ്‍ സൗദിയിലെത്തിയ ബുധനാഴ്ച ദിവസവും രാജ്യത്ത് മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി. വിവിധ കോണുകളില്‍ നിന്നും കൂട്ട വധശിക്ഷക്കെതിരെ കടുത്ത വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കഴിഞ്ഞദിവസം രാവിലെ മൂന്ന് പേരുടെ ശിക്ഷ കൂടി നടപ്പിലാക്കിയത്.
സമീപ ഗള്‍ഫ് രാജ്യമായ യു.എ.ഇ സന്ദര്‍ശിച്ച ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ഏകദിന സന്ദര്‍ശനത്തിനായി സൗദിയിലെത്തിയത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം കാരണം മന്ദഗതിയിലായ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ എണ്ണ പമ്പ് ചെയ്യാന്‍ സൗദിയെ പ്രേരിപ്പിക്കുക എന്നതാണ് സന്ദര്‍ശനലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു നടപ്പാക്കിയത്.
ഇതിന് നാല് ദിവസങ്ങള്‍ക്ക് മാത്രമിപ്പുറം ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം, ബലാത്സംഗം, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2021 വര്‍ഷത്തില്‍ മൊത്തം നടപ്പാക്കിയ 67 വധശിക്ഷകളെക്കാള്‍ കൂടുതലാണ് ഈ ഒരൊറ്റ ദിവസം സൗദി നടപ്പാക്കിയത്.
81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ പകുതിയിലധികം പേരും ഷിയ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്.
13 ജഡ്ജിമാരുടെ നേതൃത്വത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.
ഇതിനു മുമ്പ് 2016ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷയാണ് അന്ന് നടപ്പിലാക്കിയത്. 1980ലും രാജ്യത്ത് കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു.
അതേസമയം സൗദിയുടെ നടപടിയെ വിമര്‍ശിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളും ഇറാന്‍ അടക്കമുള്ള ചില രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
സൗദിയുടെ നടപടി ‘അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രാഥമികമായ ലംഘനമാണ്’ എന്നും കൃത്യമായ ജുഡീഷ്യല്‍ വിചാരണ നടപടികളില്ലാതെയാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.