തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് സന്ദീപ് വാര്യര്‍ക്ക് സമൂഹ മാധ്യമങ്ങളിലും വിമത പക്ഷത്തിലും പിന്തുണയേറുന്നു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയ നടപടിയെച്ചൊല്ലി ബി.ജെ.പിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലാണ് നടക്കുന്നത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ‘നീതികേടുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദരാകുന്നത് നിസ്സഹായതയല്ല. അത് വിപ്ലവത്തിനുവേണ്ടിയുള്ള കാത്തിരിപ്പാകാം’എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് എം.ടി. രമേശ് തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്.
സന്ദീപ് വാര്യര്‍ സുരേന്ദ്രന്‍ പക്ഷത്തെ പ്രമുഖനും ബി.ജെ.പിയുടെ കേരളത്തിലെ മാധ്യമ മുഖവുമായിരുന്നു. വക്താവ് സ്ഥാനത്ത് നിന്ന് പാര്‍ട്ടി നേതൃത്വം പുറത്താക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായും കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമുള്ള പരസ്യമായ പോര്‍വിളിയാണ് കാണുന്നത്.
ഇതില്‍ പ്രധാനപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാ സംവിധായകനും ബി.ജെ.പി മുന്‍ സംസ്ഥാന സമികിയംഗം രാമസിംഹന്‍ അബൂബക്കര്‍ എന്ന അലി അക്ബറിന്റേതാണ്.
ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നീക്കിയ സന്ദീപ് വാര്യരാണോ, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണോ ഏറ്റവും നല്ലത് എന്നായിരുന്നു രാമസിംഹന്റെ ചോദ്യം. ബി.ജെ.പി പ്രവര്‍ത്തകരോട് വോട്ട് ചെയ്യാനും രാമസിംഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.
‘പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല. മനസ്സാക്ഷി വോട്ട്. അതല്ലേ ജനാധിപത്യം. വോട്ട് സ്വതന്ത്രമായി ചെയ്യൂ. ജനം ആരുടെ കൂടെ. അറിയട്ടെ’, എന്നായിരുന്നു രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ്.
സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ബി.ജെ.പി അനുഭാവികള്‍ കമന്റുകളായി ഇടുന്നത്.
താങ്കളൊക്കെ കൂടി 15% ഉള്ള വോട്ട് വിഹിതം 10 ആക്കി തരുമല്ലോ, പാര്‍ട്ടിയുടെ നേതൃസ്ഥാനത് ഉള്ളവനെ പുറത്താക്കുമ്പോള്‍ കുറഞ്ഞത് അണികളെ ബോധിപ്പിക്കാന്‍ ഉള്ള ബാധ്യത എങ്കിലും കാണിക്കടെ.
ഇദ്ദേഹത്തെ ഒന്നു പിരിച്ചു വിട്ട് ബി.ജെ.പിയെ രക്ഷിക്കൂ. ഞാന്‍ ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. ഇമ്മാതിരി ആള്‍ക്കാര്‍ പാര്‍ട്ടി ചുമതലകളില്‍ ഉണ്ടെങ്കില്‍. മോദിയെ പറയിപ്പിക്കാന്‍.
കഴിഞ്ഞ ദിവസം നീ ഒരു വാര്യരെ ബലി കൊടുത്തതില്‍ കൂടുതല്‍ ഒന്നും ഇല്ലടാ ഉള്ളി ഞങ്ങള്‍ക്ക് ഇന്ന് ഈ വാര്‍ത്ത. നിന്നെ ഞങ്ങളാണ് ഈ കസേരയില്‍ ഇരുത്തിയതെങ്കില്‍ ഇറക്കിവിടാനും നന്നായി അറിയാം. നീയും നിന്റെ പെട്ടി പിടിത്തക്കാരും സൂക്ഷിച്ചോ സുരേന്ദ്രാ… താന്‍ കേരളാ ബി.ജെ.പിയുടെ കാലനാണെങ്കില്‍ ഉള്ളിയുടെ കാലന്‍മാര്‍ ഞങ്ങളായിരിക്കും. കാലം സാക്ഷി ചരിത്രം സാക്ഷി.
ജയ് ജയ് ബി.ജെ.പി
ജയ് ജയ് സന്ദീപ് വാര്യര്‍
ഗ്രുപ്പ് കളിച്ചും കുതികാല്‍ വെട്ടിയും തന്നെക്കാള്‍ വളരുന്ന യുവനേതാക്കളെ ഒതുക്കിയും പാര്‍ട്ടിയെ നശിപ്പിക്കാനാണ് തീരുമാനം എങ്കില്‍ പാര്‍ട്ടിയുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാണ് കേരളത്തിലെ ബി.ജെ.പിയുടെ സാധാരണക്കാരായ ഞങ്ങളുടെ തീരുമാനം. അതിന്റെ റിസള്‍ട്ട് 2024ല്‍ കാണാം.
കഴിഞ്ഞ പത്തനംതിട്ട ഇലക്ഷനില്‍ ഒരു 25 വോട്ട് നിങ്ങള്‍ക്ക് എന്റെ കുടുംബത്തില്‍ നിന്നും തന്നിട്ടുണ്ട്. അയ്യപ്പന്റെ പേരില്‍, ഇനി പത്തനംതിട്ടക്ക് വാ. ശ്രീധരന്‍ പിള്ള ആയിരുന്നു ശരി എന്ന് കാലം തെളിയിച്ചു. കാലം നിങ്ങള്‍ക്ക് കാത്തു വെക്കുന്നത് കണ്ടോളു.
ഉള്ളി സുരേ… മാന്യത വിടാതെ പാര്‍ട്ടിയെ നയിക്കണം… പറ്റില്ലെങ്കില്‍ മാറി നില്‍ക്കൂ.
ദയവായി താങ്കള്‍ പുറത്ത് പോയ്. ഈ മഹത്തായ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തൂ.
സന്ദീപ് വാര്യരെപ്പോലെ ഇത്രയും രാജ്യസ്‌നേഹിയായ ഒരു മനുഷ്യനെ മാറ്റിയെ ഒട്ടും ശരിയായില്ല ശക്തമായി എതിര്‍ക്കുന്നു.
പാര്‍ട്ടിയുടെ പുക കണ്ടേ അടങ്ങൂ… ഇതിനെയൊക്കെയാണ് ഇത്രയും കാലം സപ്പോര്‍ട്ട് ചെയ്തത്, തുടങ്ങിയ വിമര്‍ശനങ്ങളാണ് കെ. സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ കമന്റുകളായി വരുന്നത്.
അതേസമയം, സുരേന്ദ്രന് പിന്തുണയുമായും ബി.ജെ.പി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.
സുരേന്ദ്രന്‍ ജിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയേയും പാര്‍ട്ടി അധ്യക്ഷനേയും അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്ന രാമസിംഹനെതിരെ നടപടി വേണം. സുരേന്ദ്രന്‍ ജിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനൊന്നും സന്ദീപ് വളര്‍ന്നിട്ടില്ല, തുടങ്ങിയ കമന്റുകളുമായാണ് സുരേന്ദ്രന് പിന്തുണയുമായി ബി.ജെ.പി അനുഭാവികള്‍ എത്തുന്നത്.
Content Highlight: Criticism Against BJP State President K Surendran in Social Media