നിതീഷിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ചാഞ്ചാട്ടങ്ങൾ
national news
നിതീഷിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ചാഞ്ചാട്ടങ്ങൾ
രാഗേന്ദു. പി.ആര്‍
Monday, 29th January 2024, 6:16 pm

പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യം വിട്ട് ജെ.ഡി.യു മേധാവിയായ നിതീഷ് കുമാര്‍ ബീഹാറില്‍ ബി.ജെ.പിയുമായി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. കുര്‍സി കുമാറെന്നും പാള്‍ടു കുമാറെന്നും വിളിക്കപ്പെടുന്ന നിതീഷ് കുമാര്‍ ഇത് ഒമ്പതാം തവണയാണ് മുന്നണി വിടുന്നത്.

അടിത്തറയില്ലാത്ത രാഷ്ട്രീയ ആശയങ്ങളുമായി മറുകണ്ടം ചാടിക്കൊണ്ടിരിക്കുന്ന നിതീഷ് കുമാര്‍ ഇന്ന് സഖ്യം ചേര്‍ന്നിരിക്കുന്നത് ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പൊക്കിക്കെട്ടിയ സംഘപരിവാറിന്റെ കാവലാളായ ബി.ജെ.പിയോടാണ്.

ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദുമായി പിണങ്ങി ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടിക്ക് രൂപം നല്‍കിയ നിതീഷ് പിന്നീട് 1990 കളുടെ പകുതിയില്‍ സി.പി.ഐ.എം എം.എല്ലുമായി സഖ്യം ചേര്‍ന്നു. പിന്നാലെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ മാലിന്യം കുഴിയിലേക്കെന്ന വിധം നിതീഷ് കുമാര്‍ തീവ്ര വലതുപക്ഷമായ ബി.ജെ.പിയിലേക്ക് ചാടി.

2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് രാംവിലാസ് പസ്വാന്‍ അടക്കമുള്ള നേതാക്കള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍നിന്നും രാജിവെക്കാന്‍ തയ്യാറായപ്പോള്‍ നിതീഷ് കുമാര്‍ ആ കേന്ദ്രമന്ത്രിസഭയില്‍ തന്നെ കടിച്ചുതൂങ്ങിയിരുന്നു. ശേഷം 2003ല്‍ ഗുജറാത്ത് സന്ദര്‍ശിച്ച നിതീഷ് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

പ്രധാനമന്ത്രി സ്ഥാനത്തെ സ്വപ്നം കണ്ടുകൊണ്ടിരുന്ന നിതീഷ് കുമാറിന് ഏറ്റ ഒരു അടിയായിരുന്നു, 2013ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ തീരുമാനം. അതോടെ മതേതര ഇന്ത്യയെ വാര്‍ത്തെടുക്കണമെന്ന ആഗ്രഹം നിതീഷ് കുമാറിന്റെ ഉള്ളില്‍ മുളച്ചു. സംഘപരിവാറില്ലാത്ത ഇന്ത്യയായി പിന്നെ അദ്ദേഹത്തിന്റെ സ്വപ്നം.

2015ല്‍ ആര്‍.ജെ.ഡിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച നിതീഷ് കുമാര്‍ വന്‍ ഭൂരിപക്ഷം നേടി ബീഹാറിന്റെ മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് 2017ല്‍ ബീഹാറിലെ മഹാഗത്ബന്ധന്‍ സഖ്യം വിട്ട് വീണ്ടും നിതീഷ് എന്‍.ഡി.യിലേക്ക് കാലുമാറ്റിയിരുന്നു. 2010ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ജെ.ഡി.യു 2015ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തേക്കും 2020ല്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 79 സീറ്റുള്ള ആര്‍.ജെ.ഡി ഏറ്റവും വലിയ കക്ഷിയായും രണ്ടാം സ്ഥാനത്ത് 78 സീറ്റുള്ള ബി.ജെ.പിയും നിലകൊണ്ടു. നിലവില്‍ ജെ.ഡി.യുവിനുള്ളത് 45 സീറ്റ് മാത്രമാണ്.

അവിടെയും നിര്‍ത്തിയില്ല, ജെ.ഡി.യുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് 2022ല്‍ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് രണ്ടാമതും ആര്‍.ജെ.ഡിയുമായി നിതീഷ് കുമാര്‍ സഖ്യം ചേര്‍ന്നു. പക്ഷെ അധികാരത്തിലിരുന്ന് മതിയായില്ലെന്നാണോ അതോ ഉള്ളിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ സാധിക്കാത്തതിനാലാണോ, വ്യക്തമാല്ല നിതീഷ് പിന്നേം ചാടി. ഇന്ത്യാ സഖ്യത്തിന്റെ അടിത്തറ ഇളക്കികൊണ്ട് കാല് വാരിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ബീഹാറില്‍ ബി.ജെ.പിയുടെ തേരോട്ടത്തിന് വിസിലടിക്കുകയും ചെയ്യുന്നു.

അതേസമയം പ്രതിപക്ഷ കക്ഷികള്‍ നിതീഷിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ വിമര്‍ശനം ഉയര്‍ത്തുമ്പോഴും ഇതൊന്നും തങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലായെന്ന മട്ടിലാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വഞ്ചനയുടെ പുതിയ റെക്കോഡ് സ്ഥാപിച്ചിട്ടുണ്ടെന്നും സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ തോല്‍വിയില്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ മുന്നണിയില്‍ നിന്ന് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവായിരുന്നു നിതീഷ് കുമാര്‍ എന്നതിനാല്‍ ജെ.ഡി.യുവും ഇന്ത്യാ സഖ്യവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുക എന്നത് ബി.ജെ.പിയുടെ ഗൂഢാലോചനയായിരുന്നെന്നും അഖിലേഷ് പറയുകയുണ്ടായി.

ഇന്ത്യാ സഖ്യത്തില്‍ നിലനിന്നിരുന്ന ഹിന്ദി ഭാഷയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇത്രയും കാലം ജെ.ഡി.യു നേതാവായ നിതീഷ് കുമാറിന്റെ ഹിന്ദി തള്ളല്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഡി.എം.കെ എം.പിയായ ടി.ആര്‍. ബാലു പറഞ്ഞു.

അതേസമയം താന്‍ എഴുതി നല്‍കാം, ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ജെ.ഡി.യു എന്ന പാര്‍ട്ടി അവസാനിക്കുമെന്ന് മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. കളി ഇനിയും ബാക്കിയുണ്ടെന്നും തേജസ്വി യാദവ് വ്യക്തമാക്കി. നിതീഷ് കുമാര്‍ ഒരു തളര്‍ന്ന മുഖ്യമന്ത്രിയാണെന്നും ബീഹാറിലെ ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കൂടാതെ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി പുതുതായി രൂപീകരിച്ച സഖ്യം 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണിയേണ്ടി വരുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരിച്ചറിവുണ്ടാകേണ്ടത് ആരിലാണെന്നും അഴിച്ചുപണിയും ആത്മപരിശോധനയും നടത്തേണ്ടത് ആരാണെന്നും ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷെ തിരിച്ചറിവെങ്കിലും ഉണ്ടാവുമല്ലോ.

Content Highlight: Criticism against Bihar Chief Minister Nitish Kumar


രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.