വാഷിങ്ടണ്‍: ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ കടുത്ത നടപടികളെടുക്കുന്ന ഇസ്രഈലിന് പൂര്‍ണ പിന്തുണ നല്‍കുന്ന യു.എസ് പ്രസിഡന്റിന് ജനപിന്തുണ കുറയുന്നതായി റിപ്പോര്‍ട്ട്. ബൈഡന്റെ നിലപാടുകളോട് യോജിപ്പുണ്ടായിരുന്ന ഡെമോക്രാറ്റിക് നേതാക്കള്‍ ഇസ്രഈലിന് പിന്തുണ നല്‍കുന്നതിനെതിരെ ശബ്ദം ഉയര്‍ത്തി തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന്റെ നിലപാട് തള്ളി പശ്ചിമേഷ്യയില്‍ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് 18 പാർലമെന്റ് അംഗങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് സമയമായിട്ടില്ല എന്നാണ് ബൈഡന്റെ നിലപാട്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രഈലിന് ഉണ്ടെന്നാണ് ബൈഡന്റെ വാദം.
മിതവാദ ഡെമോക്രാറ്റുകളുടെയും വലതുപക്ഷത്തെ വിമര്‍ശകരുടെയും പിന്തുണ ബൈഡന് ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ വേര്‍തിരിവുകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന് തിരിച്ചടിയാകുമെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ബോംബാക്രമണം നടത്തുന്നത് നിര്‍ബന്ധിതമായി തടയണമെന്ന് പ്രമേയത്തില്‍ ഒപ്പുവെച്ച മൈസൂരില്‍ നിന്നുള്ള പ്രതിനിധി കോറി ബുഷ് വ്യക്തമാക്കി.
കാലങ്ങളായി പശ്ചിമേഷ്യയില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അമേരിക്കക്കാര്‍ ആവശ്യപെടുന്നു. വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍, ഐക്യദാര്‍ഢ്യ റാലികള്‍, വിദ്യാര്‍ത്ഥികളുടെ വാക്കൗട്ട്, തുറന്ന കത്തുകള്‍ എന്നിവ മുഖേനെ ജനങ്ങള്‍ പ്രതിഷേധം അറിയിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 2022ല്‍ ബൈഡനുണ്ടായിരുന്ന ജനപിന്തുണ ഇനി ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
ബൈഡന്‍ അധികാരത്തില്‍ എത്തിയത് മുതല്‍ വലിയ പിന്തുണ നല്‍കിയിരുന്ന വംശീയ ന്യൂനപക്ഷങ്ങളും യുവാക്കളും ബൈഡന്റെ നിലപാടുകള്‍ക്ക് എതിരെ അഭിപ്രായം സ്വീകരിക്കുന്നതായാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്നും വ്യത്യസ്തമായി നിരവധി എം.പിമാര്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മേയറുടെ പ്രതികരണം.
Content Highlight: Criticism against Biden for his pro- Israel position