ദിസ്പൂര്‍: ഗണിതം ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കാനുള്ള അസം സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വിമര്‍ശനങ്ങളുയരുന്നു. ആസാമീസ് മറ്റു പ്രാദേശിക ഭാഷകള്‍ എന്നിവയാണ് ഗണിതവും ശാസ്ത്രവും പഠിപ്പിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്, എന്നാല്‍ ഇത് മാറ്റി ഇംഗ്ലീഷാക്കാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം.
ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സാഹിത്യ സംഘടനകളില്‍ നിന്നുമാണ് വിമര്‍ശനങ്ങളുയരുന്നത്.
ഇപ്പോള്‍ ഗണിതവും ശാസ്ത്രവും ആസാമീസിലോ ബോഡോയിലോ ബംഗാളിയിലോ ആണ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. ഇതില്‍നിന്നു മാറ്റി ഇംഗ്ലീഷിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് വ്യാഴാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇത് ബാധകമാവുക.
എന്നാല്‍ ഈ രണ്ട് വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നത് ആസാമീസ് അല്ലെങ്കില്‍ മറ്റു പ്രാദേശിക ഭാഷകളെ ഒരിക്കലും ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇവ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നത് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതേസമയം ആസാമീസ്, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ ഭാഷാവിഷയങ്ങളായിതന്നെ പഠിപ്പിക്കുന്നത് തുടരുമെന്ന് അവര്‍ പറഞ്ഞു. വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവന.
ബി.ജെ.പി സര്‍ക്കാരിന്റെ പെട്ടന്നുള്ള ഈ തീരുമാനം കാര്യമായ കൂടിയാലോചനകള്‍ ഇല്ലാതെ എടുത്തതാണെന്ന് ചില സംഘടനകള്‍ പറഞ്ഞു. ഈ തീരുമാനം ആസാമീസ് പോലുള്ള പ്രാദേശിക ഭാഷകളെ പെട്ടെന്ന് ബാധിക്കില്ലെങ്കിലും പിന്നീട് ബാധിക്കാനിടയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘മെഡിസിനും എഞ്ചിനീയറിങും ആസാമീസില്‍ തന്നെ പഠിപ്പിക്കണമെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഹിമന്ത ബിശ്വ ശര്‍മ, ഇപ്പോള്‍ ഗണിതവും ശാസ്ത്രവും ഇംഗ്ലീഷില്‍ പഠിപ്പിക്കണമെന്നു പറയുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം ജനങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണം വേണം,’ കോണ്‍ഗ്രസ് നേതാവ് ദേബബൃന്ദ സാഖിയ പറഞ്ഞു.
സര്‍ക്കാരിന്റെ ഈ തീരുമാനം ആസാമീസ് തുടങ്ങിയ പ്രാദേശിക ഭാഷകളുടെ പ്രസക്തി കുറയ്ക്കുമെന്ന് പ്രാദേശിക പാര്‍ട്ടിയായ റായ്ജോര്‍ ദാല്‍ പാര്‍ട്ടി പറഞ്ഞു.
ദേശീയതലത്തിലുള്ള പരീക്ഷകളില്‍ അസമിലെ കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ഈ തീരുമാനമെടുത്തതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. എന്നാല്‍ പഠിക്കാന്‍ മാതൃഭാഷയാണ് നല്ലതെന്നും പ്രൈമറി ക്ലാസുകളില്‍ മാതൃഭാഷയില്‍ പഠിക്കുന്നതാണ് നല്ലതെന്നും അസം ജാതീയ പരിഷത് (എ.ജെ.പി) ശനിയാഴ്ച പറഞ്ഞിരുന്നു.
Content Highlight: Criticism against Assam government’s decision to teach Mathematics and science in English language in schools