| Thursday, 12th January 2023, 8:14 pm

'ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കക്ക് യോഗ്യതയില്ല'; വിമര്‍ശനവുമായി ഗ്വാണ്ടനാമോയിലെ മുന്‍ തടവുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു തീരുമാനമാകുന്നത് വരെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയെ അനുവദിക്കരുത്, അവര്‍ക്കതിനുള്ള യോഗ്യതയില്ല’

2026 ഫുട്‌ബോള്‍ ലോകകപ്പിന് കാനഡക്കും മെക്‌സിക്കോക്കുമൊപ്പം അമേരിക്ക വേദിയാകുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഗ്വാണ്ടനാമോ ജയിലിലെ ഒരു മുന്‍ തടവുകാരന്റെ പ്രതികരണമാണിത്.

2026 ലോകകപ്പിന് യു.എസ് വേദിയാകുന്നതിനെതിരെയാണ് അമേരിക്കക്ക് കീഴിലുള്ള ഗ്വാണ്ടനാമോ ജയിലിലെ മുന്‍ തടവുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിലെ തടവുകാരെ ചൂഷണം ചെയ്യുന്നതടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന അമേരിക്കയെ പോലൊരു രാജ്യത്തിന് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

‘ഭീകരതക്കെതിരായ പോരാട്ടം’ എന്ന പേരില്‍ കഴിഞ്ഞ 21 വര്‍ഷത്തിലേറെയായി ഗ്വാണ്ടനാമോ ജയിലില്‍ യു.എസ് നിയമവിരുദ്ധമായി ആളുകളെ തടവിലിടുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിമര്‍ശനങ്ങള്‍.

ഗ്വാണ്ടനാമോ ജയിലില്‍ 14 വര്‍ഷം തടവില്‍ കഴിഞ്ഞ യെമന്‍ പൗരനായ മന്‍സൂര്‍ അദയ്ഫി (Mansoor Adayfi) വിഷയത്തില്‍ മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നതിങ്ങനെയാണ്;

”2026 ലോകകപ്പിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, അത് അമേരിക്കയില്‍ നടക്കുന്നത് ശരിയായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തരമൊരു ഇവന്റ് സംഘടിപ്പിക്കാന്‍ യു.എസിന് ഒരു യോഗ്യതയുമില്ല.

മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം നോക്കൂ. കഴിഞ്ഞ 20 വര്‍ഷങ്ങളുടെ കാര്യമെടുക്കുമ്പോള്‍ നിങ്ങള്‍ അമേരിക്കയെ നിര്‍വചിക്കുകയാണെങ്കില്‍ അത് എങ്ങനെയായിരിക്കും. അബു ഗ്രയ്ബ്? ബ്ലാക്ക് സൈറ്റുകള്‍? അതോ ഗ്വാണ്ടനാമോയോ?,” എന്നാണ് അദയ്ഫി ചോദിക്കുന്നത്.

യു.എസിന്റെ നേതൃത്വത്തിലുള്ള വിദേശത്തെ ജയിലുകളാണ് ‘ബാക്ക് സൈറ്റ്സ്’ എന്ന പേരിലറിയപ്പെടുന്നത്.

അദയ്ഫിയുടെ പ്രതികരണം തുടരുന്നതിങ്ങനെയാണ്;

”എന്താണ് സംഭവിച്ചത് എന്നതിന് ഒരു സ്ഥിരീകരണമോ നീതിയോ ഉത്തരവാദിത്തമോ ഉണ്ടായിട്ടില്ല. ‘ഭീകരതയ്ക്കെതിരായ പോരാട്ട’ത്തിന്റെ ഫലമായി ഒരു ദശലക്ഷത്തിലധികം പേര്‍ മരിച്ചു, ദശലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യപ്പെട്ടു, പതിനായിരക്കണക്കിനാളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും അനിശ്ചിതമായി തടവിലിടുകയും ചെയ്തു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒരു തീരുമാനമാകുന്നത് വരെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയെ അനുവദിക്കരുത്.

2026ലെ ലോകകപ്പ് യു.എസിലോ മനുഷ്യാവകാശ പ്രശ്‌നങ്ങളുള്ള മറ്റേതെങ്കിലും രാജ്യത്തോ ആണ് നടക്കുന്നതെങ്കില്‍ ലോകരാജ്യങ്ങളും ജനങ്ങളും അത് ബഹിഷ്‌കരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.

യാതൊരു കുറ്റവും ചുമത്താതെയായിരുന്നു അദെയ്ഫിയെ അമേരിക്ക 14 വര്‍ഷവും തടവിലിട്ടത്. കടുത്ത പീഡനമായിരുന്നു താനവിടെ നേരിട്ടിരുന്നതെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. 18ാം വയസില്‍ അഫ്ഗാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട അദെയ്ഫിയെ 2016ല്‍ യു.എസ് സെര്‍ബിയയിലേക്ക് നാടുകടത്തുകയായിരുന്നു.

നിലവില്‍ 39 തടവുകാരാണ് ഗ്വാണ്ടനാമോ ജയിലിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരെയും ഔദ്യോഗികമായി യാതൊരു കുറ്റവും ചുമത്താതെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തടവിലാക്കപ്പെട്ടവരില്‍ 55 ശതമാനം പേരും തങ്ങള്‍ യു.എസിനോ സഖ്യരാജ്യങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

2018ലായിരുന്നു 2026 ലോകകപ്പിന് വേദിയാകാനുള്ള ബിഡ്ഡില്‍ അമേരിക്ക വിജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിന് പിന്നാലെയാണ് അമേരിക്കയുടെ ലോകകപ്പ് ആതിഥേയത്വത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയരാന്‍ തുടങ്ങിയത്.

ഗ്വാണ്ടനാമോ ജയിലിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, കരീബിയന്‍ ദ്വീപില്‍ ക്യൂബയുടെ തെക്കുകിഴക്കന്‍ അറ്റത്തുള്ള ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ നേവി ബേസിലാണ് അമേരിക്കയ്ക്ക് കീഴിലുള്ള കുപ്രസിദ്ധമായ ഈ മിലിറ്ററി ജയിലുകള്‍ സ്ഥിതി ചെയ്യുന്നത്.

2002 ജനുവരി 11നാണ് ഗ്വാണ്ടനാമോ ജയിലുകള്‍ സ്ഥാപിക്കപ്പെടുന്നത്. അതീവ രഹസ്യസ്വഭാവം നിലനിര്‍ത്തുന്ന തരത്തില്‍ ഒരു തുരുത്തിനകത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് തടവറയുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ഹിറ്റ്ലറുടെ കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ വരെ ഓര്‍മപ്പെടുത്തുന്ന ക്രൂരതകള്‍ ഈ ജയിലിനുള്ളില്‍ നടക്കാറുണ്ടെങ്കില്‍ പോലും അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പുറത്തറിയാറ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2001ല്‍ അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു. ബുഷ് യുദ്ധത്തടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍ എന്ന പേരില്‍ ഗ്വാണ്ടനാമോ ജയില്‍ തുറക്കുന്നത്. ‘തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സന്ധിയില്ലാ യുദ്ധം’ എന്നപേരില്‍ അമേരിക്ക ആരംഭിച്ച ഈ തടവറ, പക്ഷെ നിരപരാധികളായ ഒരുപാട് പേര്‍, പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ നിരന്തരം ചൂഷണത്തിനിരയാകുന്ന തരത്തിലെത്തിയിരുന്നു.

2008ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ പ്രചരണ സമയത്ത് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒബാമ സര്‍ക്കാരിന് ഈ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

2003 ജൂണില്‍ ഏകദേശം 684 പേര്‍ ഗ്വാണ്ടനാമോയില്‍ തടവുകാരായി ഉണ്ടായിരുന്നു. ഒബാമ ഭരണമേറ്റെടുത്തതിന് ശേഷം ഇത് 242 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഗ്വാണ്ടനാമോ ജയിലിലേക്ക് കൂടുതല്‍ തടവുകാരെ എത്തിച്ചു.

വിചാരണ പോലുമില്ലാതെ തടവുകാരെ വര്‍ഷങ്ങളോളം ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിച്ചിരുന്നത് വലിയ വിവാദമായിരുന്നു. തടവുകാര്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് ഇവിടെ നേരിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ജോ ബൈഡന്‍ സര്‍ക്കാര്‍ ജയില്‍ അടച്ചുപൂട്ടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

49ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍. യു.എസ് -അഫ്ഗാന്‍ യുദ്ധത്തടവുകാരും ഇവിടെയുണ്ട്. പക്ഷേ ഇവരില്‍ പലരും സാധാരണ പൗരന്മാരാണെന്ന് പിന്നീട് തിരിച്ചറിയുകയും ഇതില്‍ പലരെയും വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

Content Highlight: Criticism against America on human rights violationsEx-Guantanamo detainees challenge US hosting of World Cup 2026 

Latest Stories

We use cookies to give you the best possible experience. Learn more