| Wednesday, 7th September 2022, 9:46 pm

Video | രാക്ഷസന്റെ റീമേക്കായാലെന്താ, ഒരു റൊമാന്റിക്ക് പാട്ടുകൂടി കുത്തിക്കയറ്റാം | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗമായ ചിത്രമാണ് വിശാല്‍ വിഷ്ണു നായകനായ രാക്ഷസന്‍. ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു നാഴികക്കല്ല് പാകിയ രാക്ഷസന് ശേഷം അതേ പാതയില്‍ നിരവധി ത്രില്ലര്‍ സിനിമകളാണ് തെന്നിന്ത്യയില്‍ ഇറങ്ങിയത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്കായ കട്പുട്‌ലി സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്തത്. രഞ്ജിത്ത് എം. തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് അമല പോള്‍ അഭിനയിച്ച നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

കട്പുട്ട്‌ലിക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കഥയിലെ ദുര്‍ബലതയും കഥാപാത്രങ്ങളുടെ രൂപീകരണത്തിലെ പാളിച്ചകളും വിമര്‍ശകര്‍ എടുത്തുപറയുന്നുണ്ട്. ചിത്രത്തിലെ പാട്ടിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും ട്രോളുകളും ഉയരുകയാണ്.

രാകുല്‍ പ്രീത് സിങ്ങിനൊപ്പം അക്ഷയ് കുമാറിന്റെ സാതിയ എന്നൊരു റൊമാന്റിക് പാട്ട് കൂടിയുണ്ട്. ഒറിജിനല്‍ സിനിമയില്‍ ഇത്തരത്തിലൊരു പാട്ട് ഉണ്ടായിരുന്നില്ല.

യൂട്യൂബിലുള്ള പാട്ടിന്റെ കമന്റ് സെക്ഷനിലും പാട്ടിനെതിരെ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. ഒരു ത്രില്ലറില്‍ ഇങ്ങനെയൊരു പാട്ട് നല്ല തമാശയായിരിക്കും, പത്ത് സെക്കന്റ് പോലും ഈ പാട്ട് കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്നില്ല, പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതില്‍ ബോളിവുഡ് ഒരിക്കലും നിരാശപ്പെടുന്നില്ല,
ഈ ഗാനത്തിന് ഓസ്‌കാര്‍, ഭാരതരത്‌ന, പദ്മഭൂഷണ്‍, ഗ്രാമി, അക്കാദമി അവാര്‍ഡ് തുടങ്ങിയവ നേടണമെന്ന് ആഗ്രഹിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മൂന്ന് മിനിട്ട് 42 സെക്കന്റിലാണ് പാട്ടിന്റെ ഏറ്റവും ബെസ്റ്റ് പാര്‍ട്ട് വരുന്നതെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. മൂന്ന് മിനിട്ട് 42 സെക്കന്റിലാണ് പാട്ട് തീരുന്നത്.

അതേസമയം കട്പുട്ടിലി അക്ഷയ് കുമാരിന് ആശ്വാസമാകുമോയെന്നാണ് ബോളിവുഡ് നോക്കുന്നത്. ഈ വര്‍ഷം അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ദന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Content Highlight: Criticism against Akshay Kumar’s Rakshasan remake movie cuttputtli video story

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്