| Friday, 31st March 2023, 8:47 pm

സ്ത്രീ പുരുഷനെക്കാള്‍ ദുര്‍ബല; അതുകൊണ്ടാണ് നിയമം അനുകൂലമായത്; അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ സംവിധായകന്‍ അഖില്‍ മാരാര്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം. സ്ത്രീകള്‍ ശാരീരികമായി ദുര്‍ബലരായതുകൊണ്ടാണ് ഭരണ ഘടനയില്‍ അവര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ചേര്‍ത്തിരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

‘ഇന്ത്യന്‍ ഭരണ ഘടന പ്രകാരം സ്ത്രീയും പുരുഷ്യനും തുല്യരാണോ? അല്ല. ഇവളെന്റെ പുറത്ത് തൊട്ടാല്‍ എടുക്കുന്ന കേസാണോ ഞാന്‍ ഇവളുടെ പുറത്ത് തൊട്ടാല്‍ എടുക്കുന്നത്. എന്തുകൊണ്ടാണത്. സ്ത്രീ ശാരീരികമയായി പുരുഷനെക്കാള്‍ ദുര്‍ബലയാണ്,’ അഖില്‍ മാരാര്‍ പറഞ്ഞു.

നിങ്ങളിത് വളച്ചൊടിക്കുകയാണെന്നാണ് അഖില്‍ മാരാറിന്റെ പരാമര്‍ശത്തിന് യൂട്യൂബറായ ജുനൈസ് മറുപടി നല്‍കിയത്. നമ്മുടേത് ഒരു പുരുഷ കേന്ദ്രീകൃത ലോകമായതുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ഉണ്ടായതെന്നും ജുനൈസ് പറഞ്ഞു.

നിങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇതിനോട് അഖില്‍ മാരാര്‍ പ്രതികരിച്ചത്. ‘ഒരു ബസില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നു. അവിടെ കുറെ പുരുഷന്മാര്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആക്രമിക്കുമ്പോള്‍ എന്തുകൊണ്ടാണ് മറ്റ് പുരുഷന്മാര്‍ അവിടെ ഇടപെടണമെന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്? അഖില്‍ മാരാര്‍ ചോദിച്ചു.

അഖില്‍ മാരാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. അഖില്‍ മാരാര്‍ നല്ലൊരു കുലപുരുഷനാണെന്നാണ് ഏറ്റവുമധികം ഉയരുന്ന വിമര്‍ശനം. ബിഗ് ബോസിന്റെ സ്വഭാവം വെച്ച് ടോക്‌സിക്കായ അഖില്‍ മാരാര്‍ക്ക് തന്നെയായിരിക്കും ഏറ്റവുമധികം ഫാന്‍സ് ഉണ്ടാകാന്‍ പോകുന്നതെന്നും കമന്റുകളുണ്ട്. താന്‍ ഒരു പുരുഷാധിപത്യത്തിന്റെ പ്രതീകമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അഖില്‍ മാരാരെന്നാണ് മറ്റൊരു കമന്റ്.

Content Highlight: criticism against akhil marar’s opinion on equality big boss

We use cookies to give you the best possible experience. Learn more