ഗോയങ്ക പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്ത് അദാനി: എന്‍.ഡി.ടി.വിക്ക് സമാനമായി ഇന്ത്യന്‍ എക്‌സ്പ്രസ് പിടിച്ചെടുക്കാനുള്ള ശ്രമമാണോയെന്ന് വിമര്‍ശകര്‍
national news
ഗോയങ്ക പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്ത് അദാനി: എന്‍.ഡി.ടി.വിക്ക് സമാനമായി ഇന്ത്യന്‍ എക്‌സ്പ്രസ് പിടിച്ചെടുക്കാനുള്ള ശ്രമമാണോയെന്ന് വിമര്‍ശകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 12:48 pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഗോയങ്ക പുരസ്‌കാരം അദാനി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തതിനെതിരെ വിമര്‍ശനം. മാധ്യമരംഗത്തെ ഏറ്റവും അഭിമാനകരമായ അവാര്‍ഡായി വിശേഷിപ്പിക്കപ്പെടുന്ന ഗോയങ്ക പുരസ്‌കാരം 2006 മുതല്‍ നല്‍കിവരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എക്‌സ്പ്രസ് പുരസ്‌കാര ചടങ്ങ് അവതരിപ്പിച്ചതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

അദാനി ഗ്രൂപ്പിന്റെ പേര് ജേണലിസം അവാര്‍ഡുകളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കുന്ന ഒരു രീതി രൂപപ്പെടുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. എന്‍.ഡി.ടി.വി കൈവശപ്പെടുത്തിയതിന് സമാനമായി ഇന്ത്യന്‍ എക്‌സ്പ്രസും അദാനി ഗ്രൂപ്പ് പിടിച്ചെടുക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ പറഞ്ഞു.

ചൊവ്വാഴ്ച ദല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു മുഖ്യാതിഥി. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന, ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് , ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി, ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ്, ബി.ജെ.പി എം.പി മനോജ് തിവാരി , എം.പി ഡാനിഷ് അലി തുടങ്ങിയവരും പങ്കെടുത്തു.

രാംനാഥ് ഗോയങ്ക അവാര്‍ഡിന്റെ പതിനേഴാമത് പതിപ്പില്‍ മാധ്യമ രംഗത്തെ മികവിന്, പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മീഡിയകളില്‍ നിന്ന് 44 പേരെ ആദരിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം, കായികം, രാഷ്ട്രീയം, സര്‍ക്കാര്‍, പുസ്തകങ്ങള്‍, ഫീച്ചര്‍ റൈറ്റിങ്, പ്രാദേശിക ഭാഷകള്‍ തുടങ്ങി 13 വിഭാഗങ്ങളില്‍ ആയാണ് അവാര്‍ഡ് നല്‍കിയത്.

അവാര്‍ഡ് ദാന ചടങ്ങില്‍, പൗരന്മാരുടെ അറിയാനുള്ള അവകാശം ന്യായവും കൃത്യവുമായ രീതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാന്‍ വിവേക് ഗോയങ്ക പറഞ്ഞു.

Content Highlight: Criticism against Adani Group’s sponsorship of Goenka Award for Journalists