തിരുവനന്തപുരം: ഭ്രമയുഗം സിനിമയെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിൽ നടന് നേരെ വ്യാപക വിമർശനം.
സർക്കാരിന് വിറ്റ നെല്ലിന്റെ വില കർഷകർക്ക് ലഭിക്കുന്നില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാരിന് നേരെ ജയസൂര്യ നടത്തിയ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ഇപ്പോൾ കേന്ദ്ര സർക്കാരിനെതിരെ ദൽഹിയിൽ കർഷകർ സമരം നടത്തുമ്പോൾ നടൻ മൗനം പാലിക്കുന്നതിനെ നിരവധി പേർ ചോദ്യം ചെയ്തു.
‘എ മസ്റ്റ് വാച്ച് അഭിനയ ഭ്രമം’ എന്ന അടിക്കുറിപ്പോടെ ഭ്രമയുഗത്തിന്റെ പോസ്റ്റർ പങ്കുവെച്ചതായിരുന്നു ജയസൂര്യ.
കർഷകൻ ജീവനോടെയുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിരവധി പേർ കമെന്റ് ചെയ്തു.
കത്തനാർ സിനിമ ഇറങ്ങും വരെ ഇനി കർഷക സ്നേഹം, സാമൂഹിക പ്രതിബദ്ധത എന്നിവ ഉണ്ടായിരിക്കുന്നതല്ല എന്ന് ജയേട്ടൻ എന്നായിരുന്നു ഒരാളുടെ കമന്റ്.
രാജ്യ തലസ്ഥാനത്ത് കർഷക സമരം നടക്കുന്നതും കർഷകരെ നേരിടാൻ മോദിജി റോഡിൽ മുള്ളുവേലി വെച്ചതും ബ്ലോക്ക് ചെയ്തതും അറിഞ്ഞിരുന്നോ എന്നും നിരവധി പേർ ചോദിക്കുന്നു.
സംഘികൾ കയ്യടിക്കുന്ന നിലപാടുമായി ഇനിയും ഈ നാട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അങ്ങേക്ക് കഴിയട്ടെ എന്നായിരുന്നു മറ്റൊരു വിമർശനം.
കർഷകസ്നേഹം തീർന്നോ എന്നും ജയേട്ടന് പുതിയ സിനിമ റിലീസ് ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ കർഷകനും ആഗ്രഹിച്ചു പോകുകയാണെന്നും പരിഹാസ രൂപേണ നിരവധി പേർ കമന്റ് ചെയ്തു.
ജയസൂര്യയുടേത് സെലക്റ്റീവ് നിലപാടാണെന്ന് ഒരുപാട് പേർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കളമശ്ശേരിയിൽ കൃഷിക്കാരുടെ സംഗമത്തിൽ ജയസൂര്യയായിരുന്നു മുഖ്യാതിഥിയായി എത്തിയിരുന്നത്. കൃഷിമന്ത്രിയും വ്യവസായ മന്ത്രിയും വേദിയിലിരിക്കെ തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന് കഴിഞ്ഞ കൊയ്ത്തിനുശേഷം സർക്കാരിന് വിറ്റ നെല്ലിന്റെ വില കിട്ടാത്ത കഥ അദ്ദേഹം വിസ്തരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ചെറുപ്പക്കാർ കൃഷിയിലേക്ക് വരിക എന്നായിരുന്നു സൂര്യയുടെ ചോദ്യം.
വിവാദങ്ങൾക്ക് പിന്നാലെ താൻ ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമല്ലെന്നും കർഷകരുടെ കൂടെയാണെന്നും കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.
Content Highlight: Criticism against Actor Jayasurya on his silence on farmers protest in Delhi