'റമദാന്‍ ഇന്‍ ഗസ' പട്ടിണിയെ നിസാരവത്കരിക്കുന്നു; ഇടതുപക്ഷ പത്രമായ ലിബറേഷന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം
World News
'റമദാന്‍ ഇന്‍ ഗസ' പട്ടിണിയെ നിസാരവത്കരിക്കുന്നു; ഇടതുപക്ഷ പത്രമായ ലിബറേഷന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 8:11 pm

പാരീസ്: ഫ്രാന്‍സിലെ ഇടതുപക്ഷ പത്രമായ ലിബറേഷന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. ഗസയിലെ ഫലസ്തീനികള്‍ നേരിടുന്ന പട്ടിണിയെ സംബന്ധിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍. ഫ്രഞ്ച്-ഇസ്രഈല്‍ ശതകോടീശ്വരന്‍ പാട്രിക് ദ്രാഹിയുടെ ഉടമസ്ഥതയിലുള്ള പത്രമാണ് ലിബറേഷന്‍.

‘റമദാന്‍ ഇന്‍ ഗസ’ എന്ന പേരിലാണ് ഈ കാര്‍ട്ടൂണ്‍ പത്രം പ്രസിദ്ധീകരിച്ചത്. ഫലസ്തീനികളുടെ നിലവിലെ അവസ്ഥയെ പത്രം തമാശയായി ചിത്രീകരിച്ചുവെന്നും പട്ടിണിയെ നിസാരമായി മാധ്യമ സ്ഥാപനം കണ്ടുവെന്നുമാണ് കാര്‍ട്ടൂണിനെതിരെ ഉയരുന്ന വിമര്‍ശനം.

‘ഒരു ഫലസ്തീനി പൗരന്‍ എലികളെയും കാക്കപ്പൂക്കളെയും പിന്തുടരുന്നു. ഒരു സ്ത്രീ അയാളെ തടഞ്ഞുനിര്‍ത്തുന്നു. അയാളോട് നോമ്പ് തുറക്കാന്‍ ഇനിയും സമയമായിട്ടില്ലെന്ന് സ്ത്രീ സൂചിപ്പിക്കുന്നു. പിന്നീട് വിശന്നിരിക്കുന്ന ഒരു കുട്ടി സമീപത്തുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നില്‍ക്കുന്നു,’ ഇങ്ങനെയാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്.

എന്നാല്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രൂരമായ പരിഹാസം അഴിച്ചുവിടാനാണ് ലിബറേഷന്‍ ശ്രമിച്ചതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കാര്‍ട്ടൂണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉടലെടുത്തിട്ടുണ്ട്. നിരവധി മനുഷ്യാവകാശ സംഘടനകളൂം മാധ്യമ സ്ഥാപനത്തിനെതിരെ രംഗത്തെത്തി. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി സര്‍ക്കാര്‍ നടത്തുന്ന വംശഹത്യയില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ പൗരന്മാരെ ഇത്തരത്തില്‍ പരിഹസിക്കുന്നതില്‍ തനിക്ക് ലജ്ജ തോന്നുവെന്ന് ഒരാള്‍ എക്‌സില്‍ കുറിച്ചു.

വടക്കന്‍ ഗസയില്‍ പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം 25 പേരെങ്കിലും മരിച്ചതായി കഴിഞ്ഞ ദിവസം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ കണക്കുകള്‍ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ഗസയില്‍ 31,112 പേര്‍ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 72,760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നു.

Content Highlight: Criticism against a cartoon published by the left-wing newspaper Liberation