'നീതിയെ കളിയാക്കരുത്'; യു.എ.പി.എ കേസില്‍ വിചാരണ വൈകിയതില്‍ എന്‍.ഐ.എക്കെതിരെ സുപ്രീം കോടതി
national news
'നീതിയെ കളിയാക്കരുത്'; യു.എ.പി.എ കേസില്‍ വിചാരണ വൈകിയതില്‍ എന്‍.ഐ.എക്കെതിരെ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 7:54 am

ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ വിചാരണ നാല് വര്‍ഷം വൈകിയതിന് എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി)യെ വിമര്‍ശിച്ച് സുപ്രീം കോടതി. നീതിയെ കളിയാക്കരുതെന്ന് കോടതി അന്വേഷണ ഏജന്‍സിയോട് പറഞ്ഞു. കുറ്റാരോപിതര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് നിയമത്തിന് മുന്നില്‍ വേഗത്തില്‍ ബോധ്യപ്പെടുത്താനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജാവേദ് ഗുലാം നബി ഷെയ്ഖിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തതിനെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനം. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

‘നീതിയെ കളിയാക്കരുത്. ഹരജിക്കാരന്‍ ഗുരുതരമായ കുറ്റം ചെയ്തിരിക്കാം. പക്ഷേ വിചാരണ ആരംഭിക്കാന്‍ അന്വേഷണ ഏജന്‍സി ബാധ്യസ്ഥരാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഹരജിക്കാരന്‍ ജയിലിലാണ്. ഇന്നുവരെ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല,’ ജസ്റ്റിസ് പര്‍ദിവാല ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.

എന്‍.ഐ.എയെ വിമര്‍ശിച്ചതിന് പിന്നാലെ, 2020ല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത ജാവേദ് ഗുലാം നബി ഷെയ്ഖിന് കോടതി ജാമ്യം അനുവദിച്ചു. ഫെബ്രുവരിയില്‍ ജാമ്യത്തിനായി ജാവേദ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കോടതി അപേക്ഷ തള്ളുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയുമായിരുന്നു. വാദത്തിനിടെ, കേസ് നീട്ടിവെക്കണമെന്ന് എന്‍.ഐ.എയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി നിഷേധിച്ചു. 80 സാക്ഷികളെ വിസ്തരിക്കാനുണ്ട്, അപ്പോള്‍ എത്ര നാള്‍ ഹരജിക്കാരന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് നിങ്ങള്‍ പറയണമെന്ന് ഏജന്‍സിയോട് കോടതി പറഞ്ഞു.

2020 ഫെബ്രുവരി ഒമ്പതിന്, ഷെയ്ഖിനെ സംശയാസ്പദമായി പൊലീസ് പിടികൂടുകയും ഇയാളില്‍ നിന്ന് പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ കറന്‍സി കണ്ടെടുത്തെന്നുമാണ് കേസ്. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുബൈ പൊലീസാണ് ജാവേദിനെ അറസ്റ്റ് ചെയ്തത്.

Content Highlight: Criticises NIA for four-year delay in trial in UAPA case