കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഗുരുതര വകുപ്പുകള്‍. ബി.ജെ.പി. നേതാവ് പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. പോക്‌സോ വകുപ്പുകള്‍ അടങ്ങിയ കുറ്റപത്രമാണ് തലശ്ശേരി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 376 എ, 376 ബി എന്നീ വകുപ്പുകള്‍ക്ക് പുറമെ 376-2 എഫ് തുടങ്ങിയ വകുപ്പുകളും പത്മരാജനെതിരെ ചുമത്തിയിട്ടുണ്ട്. 376 എ, ബി. വകുപ്പില്‍ കുറഞ്ഞത് 20 വര്‍ഷം തടവാണ് ശിക്ഷ. വധശിക്ഷ വരെ ഈ വകുപ്പ് പ്രകാരം ലഭിച്ചേക്കാം.
പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി. രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരികളുടെ മൊഴിയും പത്മപരാജന് എതിരാണ്.
2020 മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ തൊട്ടടുത്ത് തന്നെ പത്മരാജന്‍ ഉണ്ടായിട്ടും ബി.ജെ.പി. നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല.
ശേഷം പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെയാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചത്.