'പുരുഷന്റെ സ്വത്തും പണവും മാത്രം നോക്കി വിവാഹത്തിന് സമ്മതം മൂളുന്നവരാണോ പെണ്ണുങ്ങള്‍'; 'മഹേഷും മാരുതിയും' പറയുന്ന സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
Entertainment news
'പുരുഷന്റെ സ്വത്തും പണവും മാത്രം നോക്കി വിവാഹത്തിന് സമ്മതം മൂളുന്നവരാണോ പെണ്ണുങ്ങള്‍'; 'മഹേഷും മാരുതിയും' പറയുന്ന സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th April 2023, 9:54 am

സേതുവിന്റെ സംവിധാനത്തില്‍ ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററിലെത്തിയ സിനിമയാണ് മഹേഷും മാരുതിയും. കഥ തടരുന്നു എന്ന സിനിമക്ക് ശേഷം ആസിഫും മംമ്തയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ തിയേറ്ററില്‍ സിനിമക്ക് അത്ര കണ്ട് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ സിനിമ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ്. സിനിമക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. സിനിമയിലെ ഒരു പെണ്ണുകാണല്‍ സീനിനെ മുന്‍നിര്‍ത്തി സിനി ഫയല്‍ എന്ന സിനിമാ ഗ്രൂപ്പില്‍ ദാസ് അഞ്ചലില്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

‘മഹേഷ് പെണ്ണ് കാണാന്‍ അനുമോളുടെ വീട്ടില്‍ ചെല്ലുന്ന സീന്‍ സിനിമയിലുണ്ട്. പെണ്ണിനോട് ഒറ്റക്ക് സംസാരിക്കാന്‍ വേണ്ടി കാറിനടുത്തേക്ക് പോകുന്നു. അവരെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ വേണ്ടിയിട്ട് ആകണം നിമിഷ നേരം കൊണ്ട് മിസിങ്ങുള്ള തന്റെ കാര്‍ മഹേഷ് നേരെയാക്കുന്നു. പിന്നെ കാറില്‍ കയറിയിരുന്ന് അഭിമാനത്തോടെ അവളെ നോക്കുന്നു.

വേറെ കാറൊന്നുമില്ലേ വീട്ടിലെന്ന് അനുമോളുടെ കഥാപാത്രം ആസിഫ് അലിയോട് ചോദിക്കുന്നു. ഇല്ലായെന്ന് ആസിഫ് മറുപടി നല്‍കുന്നു. അനുമോള്‍ ദേഷ്യത്തോടെ ചായക്കപ്പ് കാറിന് മുകളില്‍ വച്ച് വീട്ടിലേക്ക് നടന്നു പോകുന്നു. പെണ്ണ് കാണാന്‍ പോകുന്ന ഓരോ പുരുഷന്മാരുടെയും നേരെയുള്ള അവസാനമില്ലാത്ത ചോദ്യം. പുരുഷന്റെ സ്വത്തും സമ്പാദ്യവും നോക്കി മാത്രമേ അന്നും ഇന്നും ഒരു പെണ്ണ് മനസ് നിറഞ്ഞ വിവാഹ അനുവാദം നല്‍കിയിട്ടുള്ളോ. ഇതൊരു സ്ത്രീ വിരുദ്ധത അല്ലേ എന്നാണ് എന്റെ സംശയം,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇതിന് താഴെ സിനിമയെയും ആ സീനിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് എത്തുന്നത്. ഇതിനിടയില്‍ അറേഞ്ച്ഡ് മാരേജിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള വിവാഹങ്ങളിലൊക്കെ ഇങ്ങനെയേ നടക്കൂ എന്നാണ് പലരും പറയുന്നത്.

 

content highlight: critcism against maheshum maruthiyum cinema