| Wednesday, 24th August 2022, 2:01 pm

എന്തായാലും മെസി അല്ല, പി.എസ്.ജിയില്‍ പെനാല്‍ട്ടി നെയ്മറെടുക്കുമോ? അതോ എംബാപെ എടുക്കുമോ? തുറന്നു പറഞ്ഞ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുനാളുകളായി ഫുട്‌ബോളില്‍ വാര്‍ത്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട തലക്കെട്ടായിരുന്നു പി.എസ്.ജിയും എംബാപെയും നെയ്മറുമെല്ലാം. ലീഗിലെ രണ്ടാം മത്സരത്തില്‍ അരങ്ങേറിയ പെനാല്‍ട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ടീമില്‍ ഉടക്കുണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍.

മോണ്ട് പെല്ലിയറുമായുള്ള രണ്ടാം മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെ പുറത്തടിച്ചു കളഞ്ഞിരുന്നു. ടീമിന് ലഭിച്ച രണ്ടാം പെനാല്‍ട്ടി നെയ്മര്‍ എടുക്കുകയായിരുന്നു. ഇത് എംബാപെയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്.

എന്നാല്‍ ലില്ലെക്കെതിരെയുള്ള മൂന്നാം മത്സരത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടീമിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. 7 ഗോളായിരുന്നു മൂന്നാം മത്സരത്തില്‍ പി.എസ്.ജി അടിച്ചുകൂട്ടിയത്. എംബാപെയും നെയ്മറുമടങ്ങുന്ന കോംബോയായിരുന്നു മൂന്നാം മത്സരത്തിന്റെ ഹൈലൈറ്റ് തന്നെ.

എംബാപെ, മെസി, നെയ്മര്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിര മികച്ച ഫോമിലാണെങ്കില്‍ ഒരുപാട് മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ ടീമിലെ ഈഗേ ക്ലാഷ് മാനേജ്‌മെന്റിന് അവസാനിപ്പിച്ചെ മതിയാവു. മൂന്നാം മത്സരത്തിന് ശേഷം ടീമിന്റെ പെനാല്‍ട്ടി ടേക്കര്‍മാരെ കുറിച്ച് വ്യക്തമായി പറയുകയാണ് ടീമിന്റെ കോച്ചായ ക്രിസ്‌റ്റോപ് ഗാള്‍ട്ടിയര്‍.

ടീമില്‍ പെനാല്‍ട്ടി എടുക്കാനുള്ള ആദ്യ ചോയിസ് എംബാപെയാണെന്നും എന്നാല്‍ സാഹചര്യമനുസരിച്ച് അത് മാറാന്‍ ടീമംഗങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറയുന്നു. രണ്ടാമത്തെ പെനാല്‍ട്ടി ടേക്കര്‍ നെയ്മറാണെന്നും അദ്ദേഹം അതോടൊപ്പം പറയുന്നുണ്ട്.

‘ആദ്യത്തെ ചോയിസ് സ്വാഭിവകമായും കിലിയനാണ്. രണ്ടാമത്തേത് നെയ്മര്‍ ആരാണെന്ന് ഞാന്‍ എപ്പോഴും പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചത്തെ മത്സരത്തിലെ പോലെയുള്ള സാഹചര്യങ്ങള്‍ ടീമിന് ഉണ്ടായേക്കും, അപ്പോള്‍ സമര്‍ത്ഥമായി തീരുമാനമെടുക്കണം,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

മുന്നേറ്റനിരയിലെ മെസി-എംബാപെ-നെയ്മര്‍ ട്രയോയെയും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു. കഴിഞ്ഞ വര്‍ഷവും മൂവരും ഇതുപോലെയാണ് കളിച്ചതെന്നും എന്നാല്‍ വ്യത്യസ്ഥ ഫോര്‍മാറ്റിലായിരുന്നുവെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

എംബാപെയുടെയും കൂട്ടരുടെയും കളിയില്‍ തൃപ്തനാണെന്നും ബാക്കി മത്സരങ്ങളിലും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

‘സാധ്യമായ ഏറ്റവും മികച്ച ബാലന്‍സ് കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ ലിയോയും കിലിയനും നെയ്മറും ഇതുപോലെ കളിച്ചു, പക്ഷേ വ്യത്യസ്തമായ ഒരു ഫോര്‍മേഷനിലായിരുന്നു എന്ന് മാത്രം. മത്സരം വിജയിച്ചുകഴിഞ്ഞും അവര്‍ ബാക്കിലേക്ക് പോയി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുമിച്ച് കളിക്കാനുള്ള അവരുടെ ആഗ്രഹം ഞാന്‍ ആസ്വദിച്ചു,’ ഗാള്‍ട്ടിയര്‍ കൂട്ടിച്ചേര്‍ത്തു.

സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വര്‍ഷങ്ങളായി യു.സി.എല്‍ സ്വപ്‌നം കാണുന്ന പി.എസ്.ജിക്ക് അവിടെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കും.

Content Highlight: Cristophe Galtier says who will take penalty in PSG among Mbape, Messi And Neymar

We use cookies to give you the best possible experience. Learn more