| Thursday, 15th September 2022, 3:52 pm

അവര്‍ ഡിഫന്‍ഡ് ചെയ്യാന്‍ മറന്നതല്ല; ടീമിന്റെ മൊത്തം ബാലന്‍സ് തെറ്റിയിരിക്കുകയായിരുന്നു; പി.എസ്.ജി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

മക്കാബി ഗോളടിച്ചത് ടീമിന്റെ ഡിഫന്‍സ് ഏരിയ കാലിയായത് കൊണ്ടാണെന്ന് പാരീസ് സെന്റ് ഷെര്‍മാങ് ഹെഡ് കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലെ പി.എസ്.ജിയുടെ രണ്ടാം വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.ജിയുടെ മുന്‍ നിര താരങ്ങള്‍ക്ക് തുടക്കത്തില്‍ ശക്തമായി കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ അറ്റാക്കിങ് പൊസിഷനിങ് കാരണമാണ് മക്കാബി ഹൈഫയുടെ ഗോളിനെ എതിര്‍ക്കാന്‍ കഴിയാതിരുന്നതെന്ന് ഗാള്‍ട്ടിയര്‍ ചൂണ്ടിക്കാട്ടി.

‘അറ്റാക്കിങ് ട്രയോ കൂടുതല്‍ പ്രതിരോധിക്കാതിരുന്നത് കൊണ്ടായിരുന്നില്ല. മെസി, നെയ്മര്‍, എംബാപ്പെ എന്നിവരുടെ ടീം ബ്ലോക്ക് ക്രമേണ മുന്നിലായിരുന്നു കിടക്കുകയായിരുന്നു. മൂവരും പന്തിന് വേണ്ടി ഓടിയപ്പോള്‍ പുറകില്‍ ധാരാളം സ്പേസ് വരികയും പ്രതിരോധിക്കാന്‍ ആളില്ലാതായതോടെ ഹൈഫ വല കുലുക്കയായിരുന്നു.

ഹാഫ് ടൈമില്‍ നെയ്മറിന്റെ പൊസിഷന്‍ മാറ്റുകയും ടീമിനെ കുറച്ചുകൂടി ഡിഫന്‍സീവ് ആക്കിയപ്പോഴുമായിരുന്നു കളിയില്‍ കൂടുതല്‍ ബാലന്‍സ് നല്‍കാന്‍ സാധിച്ചത്. അത് കളി കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ഗോള്‍ നേടാനും സഹായിക്കുകയായിരുന്നു,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

മത്സരത്തിന്റെ 24-ാം മിനിട്ടില്‍ ജാറോണ്‍ ചെറിയാണ് മക്കാബിക്കായി അക്കൗണ്ട് തുറന്നതെങ്കിലും ഇടവേളയ്ക്ക് എട്ട് മിനിറ്റ് മുമ്പ് മെസി പി.എസ്.ജിക്കായി സമനില പിടിക്കുകയായിരുന്നു. 69-ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റോടെ എംബാപ്പെ രണ്ടാം ഗോളും സ്വന്തമാക്കി. 88ാം മിനിട്ടിലാണ് നെയ്മര്‍ പി.എസ്.ജിക്കായി അവസാന ഗോള്‍ നേടിയത്. അതോടെ പി.എസ്.ജിയുടെ മുന്നേറ്റ ത്രയങ്ങള്‍ എല്ലാവരും ഗോള്‍ നേടി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിക്ക് വേണ്ടി ഗോള്‍ നേടിയതോടെ റെക്കോര്‍ഡ് നേട്ടമാണ് മെസി സ്വന്തം പേരിലാക്കിയത്.

ഇതോടെ 39 വ്യത്യസ്ത ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി മാറുകയാണ് ലയണല്‍ മെസി. 38 വ്യത്യസ്ത ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് മെസി തകര്‍ത്തത്.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയായ മെസി 126 തവണ വലകുലുക്കിയപ്പോള്‍, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ നെയ്മറും എംബാപ്പെയും യഥാക്രമം 42, 36 എന്നിങ്ങനെ ഗോളുകള്‍ നേടിയിട്ടുണ്ട്.

നിലവില്‍ ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി ഞായറാഴ്ച ലിയോണിനെ അവരുടെ തട്ടക്കത്തില്‍ നേരിടും.

Content Highlight: Cristophe Galtier Says PSG was Inbalanced at Beginning

We use cookies to give you the best possible experience. Learn more