| Sunday, 5th March 2023, 1:46 pm

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണവന്‍; പി.എസ്.ജി സൂപ്പര്‍താരത്തെ വാനോളം പുകഴ്ത്തി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചുകൂട്ടിയ താരമെന്ന റെക്കോഡ് നേടിയതിന് പിന്നാലെ പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ പ്രശംസിച്ച് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് എംബാപ്പെ എന്നായിരുന്നു ഗാള്‍ട്ടിയറിന്റെ പ്രതികരണം. ലീഗ് വണ്ണിലെ പി.എസ്.ജിയുടെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിലിയന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആണ്. അവന്‍ റെക്കോഡിലേക്ക് അടുക്കുന്നത് ഞങ്ങള്‍ കണ്ടു. മത്സരത്തില്‍ ആ ഗോള്‍ നേടാന്‍ അവന്‍ അതിയായി ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.

പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ചരിത്രത്തിലും വലിയൊരു അധ്യായമാണ് അവന്‍ കുറിച്ചത്. ഫ്രാന്‍സിനും ഇന്റര്‍നാഷണല്‍ ഫുട്‌ബോളിനായും അവന്‍ അതുതന്നെയാണ് ചെയ്തത്. എന്റെ കണ്ണില്‍ അവന്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍. പാരീസില്‍ അവന്‍ ഞങ്ങളുടെ ടീമിനൊപ്പം ഉള്ളത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ലീഗില്‍ ഇതുവരെ കളിച്ച 247 മത്സരങ്ങളില്‍ നിന്ന് 201 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. 301 മത്സരങ്ങളില്‍ നിന്ന് 200 ഗോള്‍ നേടിയ ഉറുഗ്വേന്‍ താരം എഡിന്‍സന്‍ കവാനിയുടെ റെക്കോഡ് തകര്‍ത്താണ് എംബാപ്പെയുടെ നേട്ടം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ 12ാം മിനിട്ടില്‍ മെസിയുടെ ഗോളിലൂടെ പി.എസ്.ജി ലീഡ് എടുക്കുകയായിരുന്നു. 17ാം മിനിട്ടില്‍ ജാവൂന്‍ ഹദ്ജാമിന്റെ ഓണ്‍ ഗോളിലൂടെ പി.എസ്.ജി ലീഡുയര്‍ത്തി.

31ാം മിനിട്ടില്‍ ലുഡോവിച് ബ്ലാസ്റ്റ് നാന്റെസിനായി ഗോള്‍ മടക്കി. 38ാം മിനിട്ടില്‍ ഇഗ്‌നേഷ്യസ് ഗനാഗോ ഗോള്‍ നേടിയതോടെ നാന്റെസ് സമനില പിടിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിലോ പെരേര ഗോള്‍ നേടിയതോടെ പി.എസ്.ജി ലീഡ് നേടി. ഇഞ്ച്വറി ടൈമില്‍ എംബാപ്പെയുടെ റെക്കോഡ് ഗോളിലൂടെ പി.എസ്.ജി ജയമുറപ്പിക്കുകയായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാര്‍ച്ച് ഒമ്പതിന് ബയേണ്‍ മ്യൂണിക്കിനെതിരെ പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം നടക്കും.

Content Highlights: Cristophe Galtier praises Kylian Mbappe

We use cookies to give you the best possible experience. Learn more