| Wednesday, 28th December 2022, 4:11 pm

ഇത്രയൊക്കെ പരിഹാസം ഏറ്റുവാങ്ങിയിട്ടും എംബാപ്പെ മെസിക്കൊപ്പം പി.എസ്.ജിയില്‍? പ്രതികരണവുമായി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടം ഉയര്‍ത്തിയത്. ലോക ചാമ്പ്യന്മാരായതിന് പിന്നാലെ അര്‍ജന്റീനയുടെ ഷൂട്ടൗട്ട് ഹീറോ എമിലിയാനോ മാര്‍ട്ടിനെസ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് അശ്ലീല ആംഗ്യം കാണിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്.

പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം. ഇതിനെതിരെയും പ്രതിഷേധം ആളിക്കത്തിയിരുന്നു. അതേസമയം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ എംബാപ്പെയുടെ സഹതാരമായ ലയണല്‍ മെസി വിഷയത്തില്‍ പ്രതികരിക്കാതിരുന്നതിനെയും ആളുകള്‍ ചോദ്യം ചെയ്തു.

ഫ്രഞ്ച് താരങ്ങളോട് ശത്രുതാ മനോഭാവമുള്ള അര്‍ജന്റൈന്‍ താരത്തോടൊപ്പം എംബാപ്പെ എങ്ങനെ തുടരും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.

മെസിക്കും എംബാപ്പെക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതിന് മാത്രമേ താന്‍ പ്രാധാന്യം നല്‍കുന്നുള്ളൂ എന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

‘മെസി-എംബാപ്പെ കൂട്ടുക്കെട്ടിന്റെ കാര്യത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും ഞാന്‍ കണ്ടിട്ടില്ല. അര്‍ജന്റീനയുടെ ഗോള്‍ കീപ്പറുടെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തികളെ ഇതുമായി കൂട്ടിക്കുഴക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

എന്നെ ബാധിക്കുന്നത് ക്ലബ്ബിലെ സഹതാരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോളാണ്. ഇവിടെ അങ്ങനെയൊന്നില്ല. അര്‍ജന്റീനയുടെ ജയത്തില്‍ എംബാപ്പെ മെസിയെ പ്രശംസിച്ചത് അതിനുള്ള സൂചനയാണ്. തീര്‍ച്ചയായും എംബാപ്പെ തോല്‍വിയില്‍ നിരാശനാണ്.

പക്ഷേ അവന്‍ അതും മനസില്‍ വെച്ചിരിക്കുന്നില്ല. വളരെ മികച്ച രീതിയില്‍ തന്നെ പി.എസ്.ജിയില്‍ തുടരുന്നുമുണ്ട്,’ ഗാള്‍ട്ടിയര്‍ വ്യക്തമാക്കി.

അതേസമയം ലോകകപ്പ് അവസാനിച്ച് മൂന്നാമത്തെ ദിവസം തന്നെ എംബാപ്പെ പി.എസ്.യിലേക്ക് മടങ്ങിയെത്തിയിരുന്നു. മെസി അര്‍ജന്റീനയില്‍ ക്രിസ്മസ് ആഘോഷത്തിലാണെന്നും ജനുവരി മൂന്നിന് പാരീസില്‍ തിരിച്ചെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlights: Cristophe Galtier about Lionel Messi and Kylian Mbappe relation

We use cookies to give you the best possible experience. Learn more