| Friday, 18th November 2022, 10:55 pm

'മെസിയും പെലെയും മറഡോണയുമല്ല'; ഞാന്‍ കഴിഞ്ഞാല്‍ പിന്നെ ബെസ്റ്റ് കളിക്കാരന്‍ ഇയാള്‍ തന്നെ; ഞെട്ടിച്ച് ക്രിസ്റ്റ്യാനോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനാരാണെന്ന ചോദ്യത്തിന് അത് ഞാന്‍ തന്നെയാണ് എന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ എപ്പോഴും മറുപടി നല്‍കാറുള്ളത്. എന്നാല്‍ ലോകത്തെ ഞെട്ടിച്ച പലതും തുറന്നുപറഞ്ഞ അഭിമുഖത്തില്‍ മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേര് താരം പറഞ്ഞിരിക്കുകയാണ്.

പിയേഴ്‌സ് മോര്‍ഗന്‍ ടോക്ക്ടിവിയില്‍ വെച്ച് ‘താങ്കള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ താങ്കള്‍ തന്നെയാണോ’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോര്‍ച്ചുഗല്‍ താരം.

‘ഞാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും മികച്ച കളിക്കാരന്‍ ഒരുപക്ഷെ സിദാനായിരിക്കും. ഒപ്പം കളിച്ചതിലും എതിര്‍ ടീമില്‍ കളിച്ചതിലും വെച്ച് നോക്കുമ്പോഴും സിദാന്‍ തന്നെയാണ് മികച്ച കളിക്കാരന്‍,’ റൊണാള്‍ഡോ പറഞ്ഞു.

ക്ലാസിക് റൈവലായ മെസിയെ കുറിച്ചും റൊണാള്‍ഡോ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
‘അതിഗംഭീരനായ കളിക്കാരന്‍, അവനൊരു മാജിക്കാണ്. ടോപ്. 16 വര്‍ഷമായി ഞങ്ങള്‍ ഇവിടെയുണ്ട്, ഒന്ന് ആലോചിച്ച് നോക്കൂ, നീണ്ട 16 വര്‍ഷങ്ങളായി ഞങ്ങള്‍ ഒരേ വേദിയിലുണ്ട്. അതുകൊണ്ട് തന്നെ അവനുമായി അത്ര അടുത്ത ബന്ധമാണ് എനിക്കുള്ളത്.

ഞാന്‍ അവന്റെ സുഹൃത്തല്ല. എന്നുവെച്ചാല്‍, ഫ്രണ്ട് എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരുന്ന, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുന്ന അങ്ങനെയുള്ളവരാണല്ലോ. മെസിയും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമല്ല. ടീം മേറ്റുകളെ പോലയാണ് ഞങ്ങള്‍.

എന്നെ കുറിച്ച് അവന്‍ സംസാരിക്കുന്ന രീതിയില്‍ എനിക്ക് അവനോട് വലിയ ബഹുമാനമുണ്ട്. അവന്റെ ഭാര്യയും അങ്ങനെ തന്നെയാണ്. ബഹുമാനപൂര്‍വമാണ് അവര്‍ എപ്പോഴും സംസാരിക്കുക. പിന്നെ അവരെ പോലെ എന്റെ ഗേള്‍ഫ്രണ്ടും അര്‍ജന്റീനക്കാരിയാണ്.

ഇനിയും ഞാന്‍ എന്താണ് മെസിയെ കുറിച്ച് പറയുക…ഒരു ഗ്രേറ്റ് മനുഷ്യന്‍, ഫുട്ബോളിന് വേണ്ടി മഹത്തരമായ കാര്യങ്ങള്‍ ചെയ്ത മഹാനായ ഒരു മനുഷ്യന്‍,’ റൊണാള്‍ഡോ പറഞ്ഞു.

ഈ വാക്കുകളെ ഏറെ സ്നേഹത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മെസിയോ റോണോയോ മികച്ചവന്‍ എന്ന ചോദ്യങ്ങളേക്കാള്‍ ഫുട്ബോളിന് വേണ്ടി മഹത്തരമായ പലതും ചെയ്ത രണ്ട് വ്യക്തിത്വങ്ങള്‍ എന്ന നിലയിലാണ് ഇരുവരെയും ഓര്‍മിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.

Content Highlight: Cristiano says about Zidane is the best player

We use cookies to give you the best possible experience. Learn more