| Wednesday, 14th December 2022, 9:24 pm

ക്രിസ്റ്റ്യാനോ ഇനി പോര്‍ച്ചുഗല്‍ ടീമില്‍ തുടരുമോ?; റിപ്പോര്‍ട്ടുകള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് കരഞ്ഞുകൊണ്ട,് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മത്സരത്തില്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാവുകയായിരുന്നു.

എന്നാല്‍ താരം ടീമിനൊപ്പം തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024ലെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിനായി റൊണാഡോ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജര്‍മനിയിലാണ് അടുത്ത യൂറോ അരങ്ങേറുന്നത്. ഈ ടൂര്‍ണമെന്റില്‍ കൂടി കളിച്ച് വിരമിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് വിവരം.

2016ലെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ ചാമ്പ്യന്മാരാക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. വീണ്ടുമൊരു യൂറോ കപ്പ് കൂടി നേടി തലയുയര്‍ത്തി വിടവാങ്ങാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക.

അതേസമയം ഖത്തര്‍ ലോകകപ്പില്‍ ഒരു ഗോളാണ് താരം നേടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനും മൊറോക്കോയ്ക്കും എതിരെ നടന്ന നോക്ക് ഔട്ട് മത്സരങ്ങളില്‍ മോശം ഫോമിനെ തുടര്‍ന്ന് താരത്തെ ബെഞ്ചിലിരുത്തുകയായിരുന്നു.

സെക്കന്‍ഡ് ഹാഫില്‍ താരത്തെ സബ്സ്റ്റിറ്റിയൂട്ട ചെയ്ത് കളത്തിലിറക്കുകയായിരുന്നു. മാത്രമല്ല കോച്ച് ഫെര്‍ണാണ്ടോ സാന്റോസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷമാണ് റോണോക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടതെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കയുടെ യൂസഫ് എന്‍ നെസ്രിയാണ് തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്. വൈ.എ. അള്ളായുടെ ലോങ് പാസില്‍ കൃത്യമായി തലവെച്ച നെസ്രിയെ തടുക്കാന്‍ പോര്‍ച്ചുഗലിന്റെ ഗോള്‍കീപ്പര്‍ കോസ്റ്റക്ക് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് റൊണാള്‍ഡോയെ ഇറക്കിയതോടെ ഗോള്‍ മടക്കാനുള്ള പോര്‍ച്ചുഗലിന്റെ നിരന്തര ശ്രമങ്ങള്‍ആരംഭിച്ചു. എന്നാല്‍ ഒന്നും ഫലം കണ്ടിരുന്നില്ല.

ആദ്യ പകുതിയില്‍ ബോള്‍ കൈവശം വെക്കുന്നതില്‍ പോര്‍ച്ചുഗലാണ് മുന്നിട്ട് നിന്നതെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 66 ശതമാനം ബോള്‍ പൊസെഷന്‍ പോര്‍ച്ചുഗലിനുണ്ടായിട്ടും മൊറോക്കോയുടെ ഇരട്ടി പാസുകള്‍ കംപ്ലീറ്റ് ചെയ്തിട്ടും ഗോള്‍ കണ്ടെത്താന്‍ മാത്രം ടീമിന് സാധിച്ചില്ല.

ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ ഫ്രാന്‍സിനെയാണ് മൊറോക്കോ നേരിടുന്നത്.

Content Highlights: Cristiano Ronaldo won’t leave Portugal

We use cookies to give you the best possible experience. Learn more