| Tuesday, 13th January 2015, 7:38 am

ഫിഫ ബലോണ്‍ ദി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറിക്ക്: തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബലോണ്‍ ദി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. അര്‍ജന്റീനയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍  എന്നിവരെ പിന്തള്ളിയാണ് ക്രിസ്‌റ്റ്യോനോ പുരസ്‌കാരം സ്വന്തമാക്കിയത്.

ജര്‍മ്മനിയുടെ മിഡ് ഫീല്‍ഡര്‍ നദൈന്‍ കെസ്ലറാണ് വുമണ്‍ പ്ലെയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊളമ്പിയയുടെ ജെയിംസ് റോഡ്രിഗ്വിസിനാണു ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം.

ലോകകപ്പില്‍ ജര്‍മ്മനിയെ വിജയത്തിലേക്കു നയിച്ച കോച്ച് ജോചിം ലോയാണ് കോച്ച് ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോയുടെ മൂന്നാം ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണിത്. 2008, 2013 വര്‍ഷങ്ങളിലാണ് ക്രിസ്റ്റിയാനോ ഇതിനു മുമ്പ് പുരസ്‌കാരം നേടിയത്.

ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസ്സിയും (15.76) ന്യൂയറും (15.72) വളരെ പിന്നിലായി.

2014ല്‍ 43 ഗെയിമുകളില്‍ നിന്നായി 52 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. ലാലിഗയില്‍ റയലിനായി കാഴ്ച്ച വച്ച മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റിയാനോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ നേടിയതടക്കം 17 ഗോളുകളാണ് റയലിനു വേണ്ടി ക്രിസ്റ്റിയാനോ നേടിയത്. രാജ്യാന്തര മത്സരങ്ങളില്‍ പോര്‍ചുഗലിനായി 2014ല്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും നേടി.

We use cookies to give you the best possible experience. Learn more