കളിക്ക് മുമ്പേ അവാര്‍ഡ് നേടി റോണോ; സൗദിയെ വീണ്ടും ഞെട്ടിച്ച് ഇതിഹാസം
സൗദി പ്രോ ലീഗില്‍ വീണ്ടും നേട്ടം കുറിച്ച് അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ സെപ്റ്റംബര്‍ മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്തായി ക്രിസ്റ്റ്യാനോയെ തെരഞ്ഞെടുത്തു. ആഭക്കെതിരായ അല്‍ നസറിന്റെ ഹോം മാച്ചിന് മുമ്പായിട്ടാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
കഴിഞ്ഞ മാസം സൗദി പ്രോ ലീഗില്‍ നാല് മത്സരത്തിലാണ് റൊണാള്‍ഡോ കളിച്ചത്. ഈ മത്സരത്തില്‍ നിന്നും അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമാണ് റോണോ തന്റെ പേരിലെഴുതിച്ചേര്‍ത്തത്. കളത്തിലിറങ്ങിയ എല്ലാ മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടുകയും ചെയ്തിരുന്നു.
അല്‍ ഹസമിനെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതിനൊപ്പം രണ്ട് ഗോളിന് റൊണാള്‍ഡോ വഴിയൊരുക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം.
അല്‍ റഈദിനെതിരായ മത്സരത്തില്‍ അല്‍ നസര്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചപ്പോള്‍ അതില്‍ ഒരു ഗോള്‍ പിറന്നത് പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ കാലില്‍ നിന്നുമായിരുന്നു.
അല്‍ ആഹ്‌ലിക്കെതിരെ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ അല്‍ നസര്‍ 4-3ന് വിജയിച്ചിരുന്നു. ഇതിന് പുറമെ അല്‍ തായ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ഒരു ഗോളും ഒരു അസിസ്റ്റുമാണ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അല്‍ നസര്‍ വിജയിച്ചത്.
പ്രോ ലീഗില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും പത്ത് ഗോളും അഞ്ച് അസിസ്റ്റുമാണ് റോണാള്‍ഡോയുടെ പേരിലുള്ളത്. സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും അസിസ്റ്റ് നല്‍കിയവരുടെ പട്ടികയിലും ഒന്നാമന്‍ റൊണാള്‍ഡോ തന്നെയാണ്.
അതേസമയം, ആഭക്കെതിരായ മത്സരത്തിന്‍രെ 75 മിനിട്ട് പിന്നിടുമ്പോള്‍ അല്‍ നസര്‍ 2-1ന് മുമ്പിലാണ്. മൂന്നാം മിനിട്ടില്‍ ഒട്ടാവിയോയും 28ാം മിനിട്ടില്‍ ടാലിസ്‌കയുമാണ് അല്‍ നസറിനായി ഗോള്‍ നേടിയത്. 36ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ആഭയുടെ ഗോള്‍ പിറന്നത്.
ഈ മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും അല്‍ നസറിന് സാധിക്കും.
Content highlight: Cristiano Ronaldo win player of the month award in Saudi Pro League