ആരാലും വാങ്ങിക്കപ്പെടാതെ അയാൾ യുണൈറ്റഡിൽ തുടരും, അവിടെയും അവഗണന മാത്രമായിരിക്കും; മുൻ യുണൈറ്റഡ് പ്രതിരോധ താരം
Football
ആരാലും വാങ്ങിക്കപ്പെടാതെ അയാൾ യുണൈറ്റഡിൽ തുടരും, അവിടെയും അവഗണന മാത്രമായിരിക്കും; മുൻ യുണൈറ്റഡ് പ്രതിരോധ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th October 2022, 7:28 pm

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ താരത്തിന് പഴയ ഫോമിൽ കളിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ സീസണുകളിൽ യുണൈറ്റഡിലെ ഒട്ടു മിക്ക പ്രശ്‌നങ്ങളുടെയും കാരണം റൊണാൾഡോ ആണെന്നാണ് വെപ്പ്. പിച്ചിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ സമീപകാല പെരുമാറ്റം യുണൈറ്റഡിലെ താരത്തിന്റെ ഭാവി തന്നെ ആശങ്കയിലാക്കി.

ക്ലബ്ബിന്റെ സമീപകാല വീഴ്ചയെക്കുറിച്ച് ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്നയാളാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഫുട്‌ബോൾ പണ്ഡിറ്റുമായ ഗാരി നെവിൽ. ഈ സീസണിൽ പലപ്പോഴായി ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് താരം യൂണൈറ്റഡിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റൊണാൾഡോയെ വെച്ചോണ്ടിരിക്കുന്നത് ക്ലബ്ബിന്റെ അധഃപ്പതനത്തിന് കാരണമാകുമെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് യുണൈറ്റഡിൽ നിന്ന് ഒഴിവാക്കണമെന്നും നെവിൽ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമെന്നും അദ്ദേഹത്തെ മറ്റ് ക്ലബ്ബുകൾ ആരും തന്നെ വാങ്ങാൻ മുന്നോട്ട് വരില്ലെന്നുമാണ് ഗാരി നെവിൽ ഇപ്പോൾ പറയുന്നത്. റൊണാൾഡോ ക്ലബ്ബ് വിടാൻ ശ്രമം നടത്തിയിരുന്നെന്നും എന്നാൽ ബയേൺ മ്യൂണിക്ക്, ചെൽസി, അത്‌ലെറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും നെവിൽ കൂട്ടിച്ചേർത്തു.

”എനിക്ക് തോന്നുന്നത് മറ്റേതൊരു തരവും കരിയർ അവസാനിപ്പിക്കുന്നത് പോലെ റൊണാൾഡോയും ചെയ്യുമെന്നാണ്. അത് യുണൈറ്റഡിൽ നിന്നായിരിക്കും. ആരാലും വാങ്ങിക്കപ്പെടാതെ അദ്ദേഹം ഇവിടെ തന്നെ തുടരും. അപ്പോഴും കളിക്കാനുള്ള അവസരമൊന്നും അദ്ദേഹത്തിന് ഇനി ലഭിക്കില്ല. അതിന്റെ കാലമൊക്കെ കഴിഞ്ഞു. റൊണാൾഡോ തന്നെ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹം തന്റെ പരിമിതികൾ മനസിലാക്കി ഒന്നൊതുങ്ങി വരികയാണ്,” ഗാരി നെവിൽ വ്യക്തമാക്കി.

അതേസമയം നെവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനെ പ്രശംസിക്കാനം മറന്നില്ല. റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാതെ ബെഞ്ചിലിരുത്തിയത് ബുദ്ധിപരമായ തീരുമാനമാണെന്നും കോച്ചിന് കളിയുടെ ഗൗരവത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlights: Cristiano Ronaldo will stay at Manchester United says Former defender