റൊണാള്‍ഡോ സൗദിയില്‍ കരിയര്‍ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് മടങ്ങും; അല്‍ നസര്‍ കോച്ച്
Football
റൊണാള്‍ഡോ സൗദിയില്‍ കരിയര്‍ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് മടങ്ങും; അല്‍ നസര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th January 2023, 8:15 am

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കില്ലെന്ന് പരിശീലകന്‍ റൂഡി ഗാര്‍ഷ്യ. ടോക് സ്‌പോര്‍ട്ടിനോടി സംസാരിക്കുമ്പോഴാണ് ഗാര്‍ഷ്യ ഇക്കാര്യം പരാമര്‍ശിച്ചത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ ഒരു പോസിറ്റീവ് എഡിഷന്‍ ആണ്. അദ്ദേഹത്തിന് എതിര്‍ ടീമിലെ ഡിഫന്‍ഡര്‍മാരെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. അദ്ദേഹം അല്‍ നസറില്‍ കരാര്‍ അവസാനിപ്പിക്കുകയില്ല, യൂറോപ്പിലേക്ക് തന്നെ മടങ്ങും,’ ഗാര്‍ഷ്യ പറഞ്ഞു.

ജനുവരിയില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റോണോ അല്‍ നസറുമായി സൈനിങ് നടത്തിയത്. 200 മില്യണ്‍ രൂപയുടെ കരാറിലാണ് ക്ലബ്ബ് താരത്തെ സൗദിയിലെത്തിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോളറായി റൊണാള്‍ഡോ മാറുകയായിരുന്നു.

ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റൊണോ കാല്‍വെപ്പ് നടത്തുന്നത്. പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് സി.പിയില്‍ കളിച്ചുതുടങ്ങിയ റൊണാള്‍ഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു.

അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡിന് കീഴില്‍ റൊണാള്‍ഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ശേഷം സ്‌പെയ്‌നിലേക്ക് കാലെടുത്തുവെച്ച താരം റയല്‍ മാഡ്രിഡിനെ പലകുറി ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന് ഇറ്റലിയില്‍ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടര്‍ന്നു.

യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് വളരെ വലുതായിരിക്കും.

അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

അതേസമയം അല്‍ നസറിന് വേണ്ടി കളിച്ച രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അല്‍ ഇതിഹാദിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങിയ അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ തഅ്‌യീക്കെതിരെ ജനുവരി ആറിനാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Cristiano Ronaldo will return to Europe, says Al Nassr coach Rudy Garcia