| Sunday, 31st December 2023, 3:02 pm

2024ലെ ലക്ഷ്യമുറപ്പിച്ച് റൊണാള്‍ഡോ, വണ്ടറടിച്ച് ആരാധകര്‍; 'അടുത്ത വര്‍ഷം വീണ്ടും അതിന് ശ്രമിക്കും'

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷത്തേതെന്ന പോലെ അടുത്ത വര്‍ഷവും ദേശീയ തലത്തിലും ക്ലബ്ബ് തലത്തിലുമായി ഏറ്റവുമധികം ഗോളുകള്‍ നേടുമെന്ന ലക്ഷ്യമുറപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2023 എന്ന കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.

ക്ലബ്ബ് തലത്തില്‍ ഈ വര്‍ഷം കളിച്ച 51 മത്സരത്തില്‍ നിന്നും 44 ഗോളുകളാണ് അല്‍ അലാമിക്കായി റൊണാള്‍ഡോ സ്വന്തമാക്കിയത്. ദേശീയ തലത്തില്‍ യൂറോ ക്വാളിഫയേഴ്‌സില്‍ പോര്‍ച്ചുഗലിനായി പത്ത് ഗോളും റോണോ സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അല്‍ താവൂനെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ഈ വര്‍ഷത്തെ തന്റെ അവസാന ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആഡ് ഓണ്‍ സമയത്താണ് റൊണാള്‍ഡോ വലകുലുക്കിയത്.

90+2ാം മിനിട്ടില്‍ ഫൊഫാന ഉയര്‍ത്തി നല്‍കിയ പന്തില്‍ കൃത്യമായി തലവെച്ച റോണോ മത്സരത്തില്‍ അല്‍ നസറിന്റെ നാലാം ഗോളും ടീമിന്റെ ഈ വര്‍ഷത്തെ അവസാന ഗോളും കുറിച്ചിരുന്നു.

ഇതിന് പിന്നാലെ 2024ലും ഇതേ നേട്ടം ആവര്‍ത്തിക്കുമെന്നാണ് റൊണാള്‍ഡോ ഉറച്ചുവിശ്വസിക്കുന്നത്. ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഞാന്‍ ഏറെ സന്തോഷവാനാണ്. വ്യക്തിയെന്ന നിലയിലും ഒരു ടീം എന്ന നിലയിലും 2023 എന്നത് എന്നെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷമായിരുന്നു. ഞാന്‍ ഒരുപാട് ഗോള്‍ നേടി.

അല്‍ നസറിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിലും എനിക്ക് ടീമിനെ സഹായിക്കാന്‍ സാധിച്ചു. ഇത് വളരെ മികച്ചതാണ്. ഞാന്‍ ഏറെ സന്തോഷവാനുമാണ്. അടുത്ത വര്‍ഷവും ഞാന്‍ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കും,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം കിങ് അബ്ദുള്ള സ്പോര്‍ട് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു അല്‍ നസര്‍ നാല് ഗോള്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 13ാം മിനിട്ടില്‍ അഷ്റഫ് എല്‍ മഹ്ദിയൂയിലൂടെ താവൂന്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 11ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വഴങ്ങിയ ഫൗളിന് പിന്നാലെ അല്‍ താവൂന് പെനാല്‍ട്ടി ലഭിച്ചിരുന്നു.

പെനാല്‍ട്ടി പാഴാക്കിയെങ്കിലും റീ ബൗണ്ടില്‍ താവൂന്‍ താരം ഗോള്‍ നേടുകയായിരുന്നു. ഈ ഫൗളിന് റൊണാള്‍ഡോക്കും അമ്‌രിക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു.

എന്നാല്‍ 26ാം മിനിട്ടില്‍ അല്‍ നസര്‍ സമനില ഗോള്‍ നേടി. മാഴ്സെലോ ബ്രോസോവിച്ചാണ് അല്‍ നസറിനായി സ്‌കോര്‍ ചെയ്തത്.

ശേഷം 35ാം മിനിട്ടില്‍ അല്‍ നസര്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു. ബ്രോസോവിച്ചിന്റെ അസിസ്റ്റില്‍ നിന്നും അയ്‌മെരിക് ലാപോര്‍ട്ടയാണ് ഗോള്‍ കണ്ടെത്തിയത്.

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിട്ടിനകം തന്നെ അല്‍ നസര്‍ മൂന്നാം ഗോളും കണ്ടെത്തി. അല്‍ താവൂന്‍ നായകന്റെ പിഴവ് മുതലെടുത്ത ഒട്ടാവിയോ ആണ് ഗോള്‍ കണ്ടെത്തിയത്.

90+2ാം മിനിട്ടില്‍ ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പട്ടിക പൂര്‍ത്തിയാക്കി. ഫൊഫാനയുടെ അസിസ്റ്റില്‍ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് റോണോ ഗോള്‍വല കുലുക്കിയത്. ഒടുവില്‍ 1-4ന് അല്‍ നസര്‍ വിജയിക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. 19 മത്സരത്തില്‍ നിന്നും 15 വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 46 പോയിന്റാണ് അല്‍ നസറിനുള്ളത്. 19 മത്സരത്തില്‍ നിന്നും 17 ജയവുമായി ചിരവൈരികളായ അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലാണ് അല്‍ നസര്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജനുവരി 19ന് നടക്കുന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയാണ് എതിരാളികള്‍.

Content highlight: Cristiano Ronaldo says he will repeat 2023 performance In 2024

Latest Stories

We use cookies to give you the best possible experience. Learn more