സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ യൂറോപ്യൻ അധ്യായങ്ങൾക്ക് തിരശീല വീണു എന്ന ആശങ്കയായിരുന്നു ആരാധകരിൽ പലർക്കുമുണ്ടായിരുന്നത്.
എന്നാൽ റൊണാൾഡോക്ക് അൽ നസറിൽ നിന്നുകൊണ്ടു തന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനാകുമെന്നായിരുന്നു പിന്നീട് വന്ന റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് അൽ നസറുമായി റൊണാൾഡോ ധാരണയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാലാണ് ഇത് സംഭവിക്കുക. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകൾ.
അതിനാൽ തന്നെ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിന് ലീഗ് അവസാനിക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്യാനായാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും. അതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനൊപ്പം കളിക്കും എന്നാണ് കരാറിലുള്ളത്.
അൽ നസർ താരത്തെ ലോൺ അടിസ്ഥാനത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് വിട്ട് നൽകുമെന്ന് കരാറിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോറർ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു തവണ കൂടി യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സൂചന. 140 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും റോണോ ഇത് വരെ അടിച്ച് കൂട്ടിയത്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സിയിൽ ആയിരുന്ന റൊണാൾഡോയ്ക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചിരുന്നില്ല. തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്ന് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.
ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും യുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.
സ്പാനിഷ് ലാ ലിഗ ക്ലബ്ബായ റയൽ മാഡ്രിഡ് ക്ഷണിക്കുമെന്ന് റൊണാൾഡോ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധ്യമാകാതെ വന്നതോടെയാണ് താരം സൗദി അറേബ്യയിലേക്ക് ചേക്കേറിയതെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
അല്‍ നസറില്‍ എത്തിയതിന് ശേഷം റൊണാള്‍ഡോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
‘ഇത്തരത്തില്‍ ഒരു വലിയ തീരുമാനം എടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളില്‍ കളിച്ചു, ഇതെന്നെ സംബന്ധിച്ച് പുതിയ വെല്ലുവിളിയാണ്. യൂറോപ്പ്, ബ്രസീല്‍, യു.എസ് പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എന്നെ സൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പക്ഷേ ഞാന്‍ അല്‍ നസറിന് വാക്കുകൊടുത്തിരുന്നു. അല്‍ നസറിനെ ഉയരങ്ങളിലേക്ക് കൊണ്ട് വരാനും എനിക്ക കഴിയുമെന്ന് കരുതുന്നു. എല്ലാത്തിലുപരി ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
ഇന്ന് ഒരു ഗെയിമും ജയിക്കുക അത്ര എളുുപ്പമുള്ള കാര്യമല്ല. കളികളുടെ ഗതി മാറിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലേക്ക് മാറിയെന്ന് കരുതി ഇതെന്റെ കരിയറിന്റെ അവസാനമല്ല. എന്നെ സംബന്ധിച്ച് ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എനിക്കറിയാം ലീഗ് മത്സരങ്ങള്‍ വാശിയേറിയതാണെന്ന്. പല കളികളും ഞാന്‍ കണ്ടിട്ടുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.
അതേസമയം, പ്രതിവർഷം 200 മില്യൺ യൂറോ മൂല്യം വരുന്ന കരാറിന്റെ അടിസ്ഥാനത്തിൽ 2025 വരെയാണ് റൊണാൾഡോ അൽ നസറിൽ കളിക്കുക. കാമറൂണിന്റെ ഗോളടി വീരൻ വിൻസെന്റ് അബൂബക്കർ ഉൾപ്പെടെയുള്ള ഒട്ടനവധി മികച്ച താരങ്ങൾ ക്ലബ്ബിൽ റോണോയുടെ സഹ കളിക്കാരായുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ വിലക്ക് ഉള്ളതിനാൽ ക്ലബ്ബിൽ സൈൻ ചെയ്ത ശേഷമുള്ള ആദ്യത്തെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് കളിക്കാൻ സാധിക്കില്ല.
പുതിയ റിപ്പോർട്ട് വന്നപ്പോൾ മുതൽ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾ അവസാനിച്ചിട്ടില്ല എന്നതിൽ സന്തോഷം പങ്കിടുകയാണ് ആരാധകർ.
Content Highlights: Cristiano Ronaldo will play in Champions leauge