അല്‍ നസറിന് വമ്പന്‍ തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് എലീറ്റ് കളിക്കാന്‍ റൊണാള്‍ഡോയില്ല
Sports News
അല്‍ നസറിന് വമ്പന്‍ തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് എലീറ്റ് കളിക്കാന്‍ റൊണാള്‍ഡോയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th September 2024, 10:43 pm

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എലീറ്റ് ഫോര്‍മാറ്റിന്റെ ആദ്യ മത്സരത്തിനൊരുങ്ങുന്ന അല്‍ നസറിന് വമ്പന്‍ തിരിച്ചടി. സെപ്റ്റംബര്‍ 16 തിങ്കളാഴ്ച ഇറാനിയന്‍ ടീം അല്‍ ഷോര്‍ട്ടക്കെതിരെ നടക്കുന്ന മത്സരത്തിലാണ് റൊണാള്‍ഡോയുടെ സേവനം ടീമിന് നഷ്ടമാവുക.

ബാഗ്ദാദിലെ അല്‍ മദീന അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

വൈറല്‍ ഇന്‍ഫെക്ഷന്‍ കാരണമാണ് റൊണാള്‍ഡോ കളത്തിലിറങ്ങാത്തതെന്നാണ് ക്ലബ്ബ് വിശദീകരിക്കുന്നത്. ടീം ഡോക്ടര്‍ താരത്തെ പരിശോധിച്ചെന്നും വിശ്രമം നിര്‍ദേശിച്ചെന്നും അല്‍ നസര്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിശ്രമം ആവശ്യമായതിനാല്‍ തന്നെ താരം ടീമിനൊപ്പം യാത്ര ചെയ്യുകയുമില്ല.

നാഷണല്‍ ജേഴ്‌സിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെ താരത്തിന് അല്‍ നസറിനൊപ്പം കളത്തിലിറങ്ങിയ മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. അല്‍ ആഹിലിക്കെതിരെ നടന്ന മത്സരത്തില്‍ 1-1 എന്ന നിലയില്‍ അല്‍ അലാമി സമനില പാലിച്ചു.

ആരാധകര്‍ ആഗ്രഹിച്ച തുടക്കമല്ല സീസണില്‍ ടീമിന് ലഭിച്ചത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി ആറാം സ്ഥാനത്താണ് അല്‍ നസര്‍.

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി തുടര്‍ച്ചയായി ഗോള്‍ നേടിയ താരം 900 സീനിയര്‍ ഗോള്‍ എന്ന നാഴികക്കല്ലും മറികടന്നിരുന്നു. എന്നാല്‍ മഞ്ഞ ജേഴ്‌സിയില്‍ താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

അതേസമയം, ക്യാപ്റ്റന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് ക്യാമ്പെയ്ന്‍ ആരംഭിക്കാനാണ് അല്‍ നസര്‍ ഒരുങ്ങുന്നത്.

വെസ്റ്റ് റീജ്യണിലാണ് അല്‍ നസര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അല്‍ നസര്‍ ഉള്‍പ്പെടെ 12 ടീമുകളാണ് വെസ്റ്റ് റീജ്യണിന്റെ ഭാഗമാകുന്നത്.

 

Content highlight: Cristiano Ronaldo will not play Al Nassr’s first match in AFC Champions League