| Tuesday, 4th October 2022, 2:06 pm

ക്രിസ്റ്റ്യാനോയെ പറഞ്ഞുവിടാന്‍ മീറ്റിങ് വിളിച്ച് ടെന്‍ ഹാഗ്; പക്ഷെ, താരത്തെ കാത്തുനില്‍ക്കുന്നത് ഒരേയൊരു ക്ലബ്; ടെലഗ്രാഫ് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന കാര്യത്തില്‍ ധാരണയായതായി ടെലഗ്രാഫ് റിപ്പോര്‍ട്ട്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ടീമില്‍ നിന്നും റിലീസ് ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലായി റൊണാള്‍ഡോയെ ബെഞ്ചില്‍ തന്നെ ഇരുത്തിയിരിക്കുകയാണ് കോച്ച് ടെന്‍ ഹാഗ്. ഇതില്‍ താരത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന ഡെര്‍ബി മാച്ചിന്റെ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.

റൊണാള്‍ഡോയുടെ കരിയറിനോടുള്ള ബഹുമാനം കൊണ്ടാണ് ഡെര്‍ബിയില്‍ ഇറക്കാതിരുന്നതെന്നായിരുന്നു ഹാഗ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

എന്നാല്‍, ടീമിന്റെ വല കുലുങ്ങുമ്പോഴൊക്കെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച റൊണാള്‍ഡോ, സിറ്റി ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലണ്ട് ഗോളടിച്ചപ്പോള്‍ മുഖം പൊത്തിയിരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. മത്സരത്തില്‍ 6-3ന് യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തു.

ഡെര്‍ബിയിലേറ്റ പരാജയത്തിന് പിന്നാലെ ടെന്‍ ഹാഗ് യുണൈറ്റഡ് ടീമിന്റെ യോഗം വിളിച്ചുചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്പരം വിമര്‍ശനങ്ങള്‍ തുറന്നുപറയാന്‍ കളിക്കാര്‍ക്കും സ്റ്റാഫിനുമെല്ലാം അവസരം നല്‍കിയിരുന്നു.

ഈ യോഗത്തിന് ശേഷമാണ് റൊണാള്‍ഡോയെ വിട്ടുനല്‍കില്ലെന്ന മുന്‍ തീരുമാനം ഹാഗ് മാറ്റിയത്. നേരത്ത റൊണാള്‍ഡോയെ വില്‍പനക്ക് വെച്ചിരിക്കുകയല്ലെന്ന യുണൈറ്റഡ് നിലപാടിനൊപ്പമായിരുന്നു ഹാഗ്.

പക്ഷെ ഇപ്പോള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അനുയോജ്യമായ ഓഫര്‍ വന്നാല്‍ താരത്തെ വിട്ടുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ അനുയോജ്യമായ ഓഫര്‍ എന്നതുകൊണ്ട് യുണൈറ്റഡ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ യുണൈറ്റഡ് ഈ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ക്രിസ്റ്റ്യാനോയെ സ്വീകരിക്കാന്‍ തയ്യാറായി ക്ലബുകള്‍ മുന്നോട്ടുവരാത്തതാണ് പ്രധാന പ്രശ്‌നമായിരിക്കുന്നത്. സൗദി ക്ലബായ അല്‍ ഹിലാല്‍ മാത്രമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റൊണാള്‍ഡോക്ക് വേണ്ടി രംഗത്തെത്തിയത്.

210 മില്യണ്‍ പൗണ്ടായിരുന്നു റിയാദ് ക്ലബിന്റെ ഓഫര്‍. കൂടാതെ 25 മില്യണ്‍ പൗണ്ട് ട്രാന്‍സ്ഫര്‍ തുകയുമുണ്ടായിരുന്നു. ഈ ഓഫര്‍ താരം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ അല്‍ ഹിലാലില്‍ പോകാന്‍ റോണോക്ക് വലിയ താല്‍പര്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷെ ക്ലബില്‍ നിന്നും ട്രാന്‍സ്ഫര്‍ ബാന്‍ ഉള്ളതുകൊണ്ടാണ് ഈ ഡീല്‍ നടക്കാതെ പോയതെന്നാണ് അല്‍ ഹിലാല്‍ ക്ലബ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഇപ്പോള്‍ യുണൈറ്റഡ് തന്നെ ട്രാന്‍സ്ഫറിന് അനുമതി നല്‍കാനൊരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങളില്‍ മാറ്റമുണ്ടായേക്കാം.

ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടാന്‍ ശ്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കരിയര്‍ അവസാനിപ്പിക്കും മുന്‍പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള തീവ്ര ആഗ്രഹത്തിന്റെ പുറത്തായിരുന്നു പറ്റിയ ക്ലബ് തേടി റൊണാള്‍ഡോ നീക്കം തുടങ്ങിയത്. എന്നാല്‍ ഇത് വിജയിച്ചില്ല.

ചെല്‍സിയും ബയേണ്‍ മ്യൂണികും അത്‌ലറ്റികോ മാഡ്രിഡുമെല്ലാം റോണോക്ക് വേണ്ടി ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല.

ഇപ്പോള്‍, അല്‍ ഹിലാല്‍ ഓഫര്‍ ക്രിസ്റ്റ്യാനോ സ്വീകരിക്കില്ലെന്ന് കരുതാനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ചാമ്പ്യന്‍സ് ലീഗ് മോഹം തന്നെയാണ്.

റെഡ് ഡെവിള്‍സിന് വേണ്ടി എട്ട് മാച്ചുകളാണ് റൊണാള്‍ഡോ ഈ സീസണില്‍ കളിച്ചത്. ഇതില്‍ നിന്നും ഷെരിഫ് ടിരാസ്‌പോളിനെതിരെ ഒരു പെനാല്‍ട്ടി ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്. അതുകൊണ്ട് തന്നെ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടെങ്കിലും റൊണാള്‍ഡോയെ വിട്ടുകൊടുക്കാന്‍ ക്ലബ് മാനേജ്‌മെന്റിന് വലിയ ചിന്താകുഴപ്പമൊന്നും കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Cristiano Ronaldo will leave Manchester United in January, Telegraph reports

Latest Stories

We use cookies to give you the best possible experience. Learn more