മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജനുവരിയിലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. 200 മില്യണ്‍ മൂല്യം നല്‍കി രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ താരത്തിന്റെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീഴുകയായിരുന്നു.
അതിനാല്‍ അല്‍ നസറുമായുള്ള കോണ്‍ട്രാക്ട് അവസാനിച്ചതിന് ശേഷം താരം മറ്റ് ക്ലബ്ബുകളുമായി സൈനിങ് നടത്താന്‍ സാധ്യതയില്ലെന്നും താരം ക്ലബ്ബില്‍ തുടരുകയോ അല്ലെങ്കില്‍ അല്‍ നസര്‍ മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് അല്‍ നസര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവായി തുടരാനുള്ള ഓഫര്‍ അല്‍ നസര്‍ റൊണാള്‍ഡോക്ക് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.
സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.
അല്‍ നസര്‍ ജേഴ്‌സിയിലെ താരത്തിന്റെ ആദ്യ മത്സരത്തില്‍ ഇതിഫാഖിനെതിരെ റോണോക്ക് ഗോള്‍ നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
മത്സരത്തില്‍ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിനായി നടത്തിയ ശ്രമം വലിയ കയ്യടി നേടിയിരുന്നു. 38ാം വയസിലും താരം മികച്ച ഫോം പുറത്തെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
റൊണാള്‍ഡോയുടെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന സ്‌കില്ലുകളും ഡ്രിബ്ലിങ്ങും മത്സരത്തിലുടനീളം കാണാന്‍ സാധിച്ചുവെന്നും ആരാധകര്‍ പറഞ്ഞു.
റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ച മത്സരത്തിലും മികച്ച പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ച വെച്ചത്. മെസി, നെയ്മര്‍, എംബാപ്പെ സൂപ്പര്‍ ത്രയങ്ങള്‍ അടങ്ങിയ പി.എസ്.ജി ആയിരുന്നു എതിരാളികള്‍. നാലിനെതിരെ അഞ്ച് ഗോള്‍ നേടി പി.എസ്.ജി ജയിച്ച മത്സരത്തില്‍ റിയാദിനായി രണ്ട് ഗോള്‍ നേടാന്‍ റോണോക്ക് കഴിഞ്ഞിരുന്നു.
ജനുവരി 26ന് അല്‍ ഇത്തിഹാദിന് എതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.