മെസി-റൊണാൾഡോ പോരാട്ടം; മത്സരത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ
Football
മെസി-റൊണാൾഡോ പോരാട്ടം; മത്സരത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 8:23 am

രണ്ടു വർഷത്തിനുശേഷം ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങൾ നേരിടാൻ ഒരുങ്ങുകയാണ്. പി.എസ്.ജിയുടെ അർജന്റൈൻ നായകൻ ലയണൽ മെസിയും അൽ നസറിന്റെ പോർച്ചു​ഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വ്യാഴാഴ്ച റിയാദ് കിങ് അൽ ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ് ഫുട്ബോളിലാണ് ഏറ്റുമുട്ടുന്നത്.

മത്സരത്തിൽ പി.എസ്‌.ജിക്കെതിരെ ഇറങ്ങുന്നത് റൊണാൾഡോയുടെ ക്ലബായ അൽ നസർ അല്ല. സൗദി അറേബ്യയിലെ രണ്ടു പ്രധാന ക്ലബുകളായ അൽ നസർ, അൽ ഹിലാൽ എന്നീ ക്ലബുകൾ ചേർന്ന ഇലവനാണ്.

ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അൽ നസർ-അൽ ഹിലാൽ സംയുക്ത ടീമിനെ നയിക്കുന്നത് റൊണാൾഡോയാണ്.

അൽ നസറിലെത്തിയതിന് ശേഷമുള്ള റൊണാൾഡോയുടെ ആദ്യ മത്സരം കൂടിയാണിത്. പി.എസ്.ജിയിൽ മെസിക്കൊപ്പം സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെയും നെയ്മർ ജൂനിയറും ഇറങ്ങും.

ജനുവരി 19ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് (സൗദി സമയം 8 മണി) മത്സരം നടക്കുക. ഇന്ത്യയിൽ മത്സരം ടെലികാസ്റ്റ് ഉണ്ടാകില്ല. അതേസമയം പി.എസ്‌.ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരം സ്ട്രീമിങ് നടത്തും.

ബീയിൻ സ്പോർട്ട്സ് (beIN SPORTS) മത്സരം സംപ്രേഷണം ചെയ്യുന്നതിനാൽ ഗൾഫ് മേഖലയിലുള്ള ആരാധകർക്ക് കാണാൻ കഴിയും.

കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റ് വാങ്ങിയാണ് പി.എസ്‌.ജി സൗഹൃദ മത്സരം കളിക്കാൻ ഇറങ്ങുന്നത്. ലോകകപ്പിന് ശേഷം മികച്ച ഫോം കണ്ടെത്താൻ കഴിയാത്ത പി.എസ്‌.ജിക്ക് ഈ സൗഹൃദമത്സരം അതിനുള്ള അവസരം കൂടിയാണ്.

റൊണാൾഡോയും മെസിയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ഇനി നടക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.

Content Highlights: Cristiano Ronaldo will captain the all-star Saudi league side that will face Lionel Messi’s PSG in a friendly match