പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ യൂറോ കപ്പിലൂടെ പുതിയ യുഗം ആരംഭിക്കാനൊരുങ്ങുകയാണ് ടീം പോര്‍ച്ചുഗല്‍. യൂറോ 2024ന്റെ ക്വാളിഫയേഴ്‌സിന്റെ സ്‌ക്വാഡില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം നേടിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ കുറഞ്ഞ അവസരങ്ങള്‍ മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളുവെങ്കിലും യൂറോയില്‍ റോണോ പ്രധാനിയായിരിക്കുമെന്നാണ് മാര്‍ട്ടിനെസ് പറഞ്ഞത്.
ഈ യൂറോ കളിക്കുന്നതിലൂടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കാനൊരുങ്ങുന്നത്. നിലവില്‍ 196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദര്‍ അല്‍ മുതവ്വക്കൊപ്പമാണ് താരം. ലിച്ചെന്‍സ്റ്റീനെതിരെ നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പം ഇറങ്ങുന്നതോടെ ലോക റെക്കോഡിന് ഏക അവകാശിയാകാന്‍ റൊണാള്‍ഡോക്ക് സാധിക്കും. ഖത്തര്‍ ലോകകപ്പിലാണ് താരം 196ാം മത്സരം കളിച്ചത്.
ലോകകപ്പിന് ശേഷം എല്ലാം രമ്യതയിലാണെന്നും യൂറോ കളിക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടതിനാല്‍ താന്‍ ടീമിനൊപ്പമുണ്ടാകുമെന്നും റൊണാള്‍ഡോ പറഞ്ഞു. റെക്കോഡുകള്‍ പോസിറ്റീവായ കാര്യമാണെന്നും അത് തനിക്ക് പ്രചോദനമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘റെക്കോഡുകള്‍ തകര്‍ക്കാന്‍ എനിക്കിഷ്ടമാണ്, പ്രത്യേകിച്ച് ഇപ്പോള്‍ നേടാനിരിക്കുന്ന റെക്കോഡ്. ഞാന്‍ അതില്‍ ഒരുപാട് അഭിമാനം കൊള്ളുന്നു. അതിനെക്കാളുപരി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിവിടെ നിര്‍ത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,’ റൊണാള്‍ഡോ പറഞ്ഞു.
അതേസമയം പോര്‍ച്ചുഗലിന്റെ യൂറോ ക്വാളിഫൈയിങ് ഗ്രൂപ്പില്‍ ഐസലാന്‍ഡ്, സ്ലോവാക്യ, ബോസ്‌നിയ ഹെര്‍സെഗോവിന എന്ന ടീമുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 10 ഗ്രൂപ്പുകളില്‍ നിന്ന് രണ്ട് ടീമുകള്‍ വീതമാണ് ജെര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് ടൂര്‍ണമെന്റിന് യോഗ്യത നേടുക.