ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കിരീടം നേടുമോ എന്ന ചോദ്യത്തിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ഉത്തരം കള്ളമെന്ന് നുണപരിശോധനാ റിപ്പോര്‍ട്ട്. ബിനാന്‍സുമായി സഹകരിച്ച് താരം നടത്തിയ ലൈ ഡിറ്റക്ഷന്‍ ടെസ്റ്റിന്റെ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
താരത്തിന്റെ കരിയറിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു പരിശോധനയില്‍ ചോദിച്ചിരുന്നത്. ബിനാന്‍സിന്റെ പ്രതിനിധികള്‍ ചോദ്യം ചോദിക്കുകയും റൊണാള്‍ഡോയുടെ ഉത്തരങ്ങള്‍ സത്യമാണോ കള്ളമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നതുമായിരുന്നു ടെസ്റ്റ്.
റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം തകര്‍ക്കാന്‍ മറ്റേതെങ്കിലും താരത്തിന് സാധിക്കുമോ, ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു നുണപരിശോധനയില്‍ ഉണ്ടായിരുന്നത്.
പോര്‍ച്ചുഗലിന്റെ കിരീട നേട്ടത്തെ കുറിച്ചുള്ള ചോദ്യവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പോര്‍ച്ചുഗല്‍ ലോകകപ്പ് നേടുമോ എന്നായിരുന്നു ചോദ്യം. അതിന് ഏറെ ആലോചിച്ച ശേഷം യെസ് എന്ന് അദ്ദേഹം ഉത്തരം നല്‍കുകയും ചെയ്തു.
എന്നാല്‍ റൊണാള്‍ഡോ പറയുന്നത് കള്ളമാണെന്നായിരുന്നു ലൈ ഡിറ്റക്ടിങ് മെഷീന്‍ പ്രതികരിച്ചത്. ഇത് റൊണാള്‍ഡോയെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
ഇതിന് പുറമെ ലോകകപ്പ് നേടുന്നതിനായി തന്റെ ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ പകരം നല്‍കുമോ എന്നും ചോദിച്ചിരുന്നു. ഇതിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. പരിശോധനയില്‍ റൊണാള്‍ഡോ പറയുന്നത് സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
അഞ്ച് തവണയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ യൂറോപ്പിന്റെ ചാമ്പ്യനായത്. മാഞ്ചസ്റ്ററിനൊപ്പവും റയല്‍ മാഡ്രിഡിനൊപ്പവുമാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.
2008ലാണ് റൊണാള്‍ഡോ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടുന്നത്. അന്ന് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് റെഡ് ഡെവിള്‍സ് യൂറോപ്പിന്റെ ചാമ്പ്യന്‍മാരായത്.