പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ പണം കാട്ടി കബളിപ്പിക്കുകയായിരുന്നെന്നും ലയണല്‍ മെസിയും ഉടന്‍ വലയില്‍ വീഴുമെന്നും ബാഴ്‌സലോണ ഇതിഹാസം റിവാള്‍ഡോ. പണം കാണുമ്പോള്‍ പല താരങ്ങളും ഇതുപോലെയുള്ള കരാറില്‍ ഒപ്പ് വെച്ചുപോകാറുണ്ടെന്നും പിന്നീട് നിരാശരാകുന്നതാണ് കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘സൗദി അറേബ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ള വലിയ തുകയുടെ ഓഫര്‍ കണ്ട് മയങ്ങി താരങ്ങള്‍ കരാറിലേര്‍പ്പെടാറുണ്ട്. കാര്യത്തോടടുക്കുമ്പോഴാണ് അവിടെ ഫുട്‌ബോള്‍ അത്ര എളുപ്പമല്ലെന്ന് അവര്‍ മനസിലാക്കുക. പിന്നീട് നിരാശരായി നടക്കുന്നതാണ് കാണാറ്. അവര്‍ക്കവിടെ ലഭിക്കുന്ന പണം പോലും സന്തോഷം നല്‍കാത്ത അവസ്ഥയിലേക്കെത്തും.
ഇതൊട്ടുമിക്ക താരങ്ങളുടെയും കരിയറില്‍ സംഭവിക്കാറുള്ളതാണ്. മെസിയും ഉടന്‍ അതിന് ഇരയാകും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവന്ന് അവിടെ കരിയര്‍ അവസാനിപ്പിക്കുന്നത് കാണാനാണ് ആളുകള്‍ക്കിഷ്ടം. തീര്‍ച്ചയായും ആരാധകര്‍ക്കറിയാം തന്റെ 25, 26 വയസില്‍ റോണോയില്‍ നിന്ന് ലഭിച്ചത് ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്ന്. എന്നിരുന്നാലും ക്ലബ്ബിന് സഹായകരമാകുന്ന പലതും അദ്ദേഹത്തിന് ഈ പ്രായത്തിലും ചെയ്യാനാകും,’ റിവാള്‍ഡോ പറഞ്ഞു.
ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് പിരിയുന്ന മെസിക്ക് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മോഹവിലയാണ വാഗ്ദാനം ചെയ്തിരിക്കുന്നത്. 400 മില്യണ്‍ യൂറോ വേതനം നല്‍കാമെന്നേറ്റാണ് അല്‍ ഹിലാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് അല്‍ നസറില്‍ റൊണാള്‍ഡോക്ക് ലഭിക്കുന്നതിന്റെ രണ്ടിരട്ടിയാണ്. എന്നാല്‍ മെസി ക്ലബ്ബ് ഫുട്‌ബോള്‍ ഭാവിയെ കുറിച്ചുള്ള തന്റെ ഭാവിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം,ശനിയാഴ്ച സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.
സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മെയ് എട്ടിന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.