തുടര്‍ച്ചയായ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത്.
പുതിയ കളിയനുഭവങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് താരം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയതെന്നാണ് പലരും കരുതിയിരുന്നതെങ്കിലും യഥാര്‍ത്ഥ കാരണം അതായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോയുടെ റിപ്പോര്‍ട്ട് പ്രകാരം ബാഴ്സലോണയില്‍ ലയണല്‍ മെസിക്ക് ലഭിക്കുന്ന കനത്ത പ്രതിഫലത്തില്‍ റൊണാള്‍ഡോ അസ്വസ്ഥനാവുകയും തുടര്‍ന്ന് റയല്‍ വിടാന്‍ തീരുമാനിക്കുകയുമായിരുന്നു.
തന്റെ മുന്‍ ഏജന്റായ ജോര്‍ജ് മെന്‍ഡസിനോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ റോണോ ആവശ്യപ്പെടുകയും മെന്‍ഡസ് വിവരം അന്വേഷിച്ചറിയുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നത്തെ ബാഴ്സ പ്രസിഡന്റായിരുന്ന ബാര്‍ട്ടമ്യുവിനോടാണ് മെന്‍ഡസ് ഇക്കാര്യം അന്വേഷിച്ചത്. വേതനം എത്രയാണെന്ന് വെളിപ്പെടുത്തില്ലെന്നും പക്ഷെ റൊണാള്‍ഡോക്ക് റയല്‍ നല്‍കുന്നതിന്റെ ഇരട്ടി തുക തങ്ങള്‍ മെസിക്ക് നല്‍കുന്നുണ്ടെന്നായിരുന്നു ബാര്‍ട്ടമ്യുവിന്റെ മറുപടി.
ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത്. തുടര്‍ന്ന് 2018ല്‍ 100 മില്യണ്‍ യൂറോ നല്‍കി യുവന്റസ് താരത്തെ സ്വന്തമാക്കുകയും ചെയ്തു. റയല്‍ മാഡ്രിഡില്‍ ലഭിച്ചിരുന്നതിനേക്കാള്‍ പ്രതിഫലമാണ് റൊണാള്‍ഡോക്ക് യുവന്റസില്‍ ലഭിച്ചത്.
ഏജന്റായ ജോര്‍ജ് മെന്‍ഡസിന് താരം റയല്‍ മാഡ്രിഡ് വിടുന്നതില്‍ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. റയലില്‍ തുടര്‍ന്നിരുന്നെങ്കില്‍ റോണോക്ക് കൂടുതല്‍ മികവ് പുലര്‍ത്താനാകുമായിരുന്നെന്നും രണ്ട് ബാലണ്‍ ഡി ഓര്‍ കൂടി സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെന്നും മെന്‍ഡസിന് പ്രതീക്ഷയുണ്ടായിരുന്നു.
യുവന്റസില്‍ നിന്ന് പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ റോണോക്ക് തന്റെ പഴയ ഫോമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഈ ജനുവരിയില്‍ റൊണാള്‍ഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി രണ്ട് വര്‍ഷത്തെ കരാറില്‍ സൈനിങ് നടത്തുകയായിരുന്നു.