പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌പെയ്‌നിലേക്ക് തിരിച്ചുവരവ് നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ചിരവൈരികളായ അത്‌ലെറ്റിക്കോ മാഡ്രിഡുമായി താരം സംഭാഷണം നടത്തിയിരുന്നെന്നും ക്ലബ്ബുമായി സൈനിങ് നടത്തുന്നതിന്റെ സാധ്യതകള്‍ അന്വേഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തി മാസങ്ങള്‍ മാത്രം പിന്നിട്ട് നില്‍ക്കെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്‌പെയ്‌നിലേക്ക് ചേക്കേറാനാണ് താരം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോ മിഡില്‍ ഈസ്റ്റില്‍ സന്തോഷവാനല്ല. സൗദി ലീഗില്‍ നിന്ന് രക്ഷപ്പെടാനാണ് താരം പദ്ധതിയിടുന്നതെന്നും യൂറോപ്പിലേക്ക് തിരിച്ച് വരാന്‍ റോണോ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അത്‌ലെറ്റിക് മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജോവ ഫെലിക്‌സ് നിലവില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിക്ക് വേണ്ടിയാണ് ബൂട്ടുകെട്ടുന്നത്. ബ്ലൂസ് ഫെലിക്‌സിനെ ക്ലബ്ബിന്റെ സ്ഥിര കളിക്കാരനായി ഉപയോഗപ്പെടുത്താന്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് റോണോ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അല്‍ ഇത്തിഫാഖിനെതിരെ നടന്ന പോരാട്ടത്തില്‍ അല്‍ നസര്‍ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ഗുസ്താവോയാണ് അല്‍ ആലാമിക്കായി ഗോള്‍ നേടിയത്.
മത്സരത്തില്‍ റൊണാള്‍ഡോക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം താരത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലീഗിന്റെ പതനത്തിനാണ് റൊണാള്‍ഡോയെ അറേബ്യയിലേക്കെത്തിച്ചതെന്നും അദ്ദേഹം അല്‍ നസറിനെ നശിപ്പിച്ചുവെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. റോണോ വഞ്ചകനാണെന്നും അദ്ദേഹം വരുന്നതിന് മുമ്പ് അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നെന്നും ട്വീറ്റുകളുണ്ട്.
സൗദി ലീഗില്‍ ഇതുവരെ നടന്ന 39 മത്സരങ്ങളില്‍ നിന്ന് 19 ജയവും 64 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 21 ജയവും 69 പോയിന്റുമായി അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
മെയ് 31ന് അല്‍ ഫത്തഹിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.