ക്ലബ്ബിന്റെ വിളിയും കാത്ത് ദിവസങ്ങളോളമിരുന്നു, ഫലമില്ലാതായപ്പോഴാണ് റൊണാള്‍ഡോ അല്‍ നസറില്‍ സൈന്‍ ചെയ്തത്; റിപ്പോര്‍ട്ട്
DSport
ക്ലബ്ബിന്റെ വിളിയും കാത്ത് ദിവസങ്ങളോളമിരുന്നു, ഫലമില്ലാതായപ്പോഴാണ് റൊണാള്‍ഡോ അല്‍ നസറില്‍ സൈന്‍ ചെയ്തത്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st January 2023, 5:31 pm

കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ സൈനിങ് നടത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസറിലേക്ക് ചേക്കേറിയത്.

എന്നാല്‍ താരത്തിന് ഏഷ്യന്‍ ക്ലബ്ബിന് വേണ്ടി ബൂട്ട്‌കെട്ടുന്നതിനോട് യോജിപ്പുണ്ടായിരുന്നെന്നും അവസാന നിമിഷം വരെ റയല്‍ മാഡ്രിഡിന്റെ വിളിയും കാത്തിരിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

റൊണാള്‍ഡോക്ക് തന്റെ പഴയ ക്ലബ്ബായ റയലിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ക്ലബ്ബ് താരത്തെ ക്ഷണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗലിന്റെ പുറത്താകലോടെ സ്‌പെയ്‌നില്‍ എത്തിയ റോണോ റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനം നടത്തിയപ്പോള്‍ താരം തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് തിരികെ പോകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

തങ്ങളുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന റോണോയെ തിരികെയെത്തിക്കാന്‍ റയല്‍ ശ്രമിക്കുകയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ റൊണാള്‍ഡോ മാഡ്രിഡ് പരിശീലന ക്യാമ്പ് വിട്ടെന്നും തന്റെ പ്രൈവറ്റ് ജെറ്റില്‍ ദുബായിലേക്ക് പറന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

താരം വാല്‍ദെബെബാസ് ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനോട് റയല്‍ വിമുഖത കാണിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്സ് വളരെ വലുതായിരിക്കും.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Highlights: Cristiano Ronaldo waited for Real Madrid’s call before signing with Al Nassr