'റൊണാള്‍ഡോ പരിചയസമ്പന്നനായ കളിക്കാരനാണ്, പെനാല്‍ട്ടി ഇരന്ന് വാങ്ങേണ്ട ആവശ്യം അയാള്‍ക്കില്ല': വെയ്ന്‍ റൂണി
2022 Qatar Worldcup Football
'റൊണാള്‍ഡോ പരിചയസമ്പന്നനായ കളിക്കാരനാണ്, പെനാല്‍ട്ടി ഇരന്ന് വാങ്ങേണ്ട ആവശ്യം അയാള്‍ക്കില്ല': വെയ്ന്‍ റൂണി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th November 2022, 9:40 am

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ആവേശകരമായ മത്സരത്തില്‍ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ കീഴ്‌പ്പെടുത്തിയത്.

പെനാല്‍ട്ടിയിലൂടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടുകയായിരുന്നു. താരത്തിന്റെ പെനാല്‍ട്ടി ഗോളിനെതിരെ ശക്തമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. തൊട്ടുപിന്നാലെ ഘാന കോച്ച് ഓട്ടോ അഡോ പോര്‍ച്ചുഗലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പോര്‍ച്ചുഗലിന് റഫറി പെനാല്‍ട്ടി അനുവദിച്ചത് തെറ്റായ തീരുമാനമായിരുന്നെന്നും തങ്ങള്‍ ഫൗള്‍ കളിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.  അതേസമയം പെനാല്‍ട്ടി തീരുമാനം വാര്‍ അവലോകനം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

പോര്‍ച്ചുഗലിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ മുന്‍ സഹതാരമായ വെയ്ന്‍ റൂണി.

പരിചയ സമ്പന്നനായ ക്രിസ്റ്റ്യാനോയെ പോലൊരു താരത്തിന് വെറുതെ പെനാല്‍ട്ടി നേടേണ്ട കാര്യമില്ലെന്നും മികച്ച ഫോമിലായിരുന്നു താരം കളിച്ചിരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഒരു ഫോര്‍വേഡ് പ്ലെയര്‍ എന്ന നിലയില്‍ ക്രിസ്റ്റിയാനോ തന്റെ എക്‌സ്പിരിയന്‍സ് ഉപയോഗിച്ചാണ് കളിച്ചത്. അത് വെച്ചാണ് അവന്‍ പെനാല്‍ട്ടി നേടിയതും. മികച്ച മുന്നേറ്റമയിരുന്നു ക്രിസ്റ്റ്യാനോ അവിടെ നടത്തിയത്,’ റൂണി പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ 65ാം മിനിട്ടിലൂടെയായിരുന്നു റൊണാള്‍ഡോ ഗോള്‍ നേടിയത്. പിന്നാലെ അടിയും തിരിച്ചടിയുമായി മത്സരം കൊഴുക്കുകയായിരുന്നു. പെനാല്‍ട്ടിക്ക് മറുപടിയായി അധികം വൈകാതെ തന്നെ ഘാനെയുടെ ആന്ദ്രേ അയൂ തിരിച്ചടിക്കുകയം ചെയ്തു.

അതിനിടെ, ഘാനക്കെതിരായ ഗോളോടെ തുടര്‍ച്ചയായ അഞ്ച് ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

2006ല്‍ ഇറാനെതിരെ തുടങ്ങിയ ഗോള്‍ വേട്ട ഖത്തറിലും തുടരുകയാണ് റൊണാള്‍ഡോ. ഇതിന് മുമ്പ് വനിതാ ലോകകപ്പില്‍ ബ്രസീല്‍ താരം മാര്‍ത്ത, കനേഡിയന്‍ താരം ക്രിസ്റ്റീന്‍ സിംഗ്ലര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlights: Cristiano Ronaldo Used All his Experience to Win the Penalty, says Wayne Rooney