| Friday, 4th November 2022, 4:04 pm

ഞങ്ങളിലുള്ള പ്രതീക്ഷ കൈവെടിയരുത്, ഞങ്ങള്‍ ജയിക്കും; വിജയത്തിന് പിന്നാലെ ആരാധകരോട് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പാ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – റയല്‍ സോസിഡാഡ് മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. യൂറോപ്പാ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരമായിരുന്നു മാഞ്ചസ്റ്റര്‍ സോസിഡാഡിനെതിരെ കളിച്ചത്.

രണ്ട് ഗോള്‍ വ്യത്യാസത്തില്‍ സോസിഡാഡിനെ തോല്‍പിച്ചിരുന്നെങ്കില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താന്‍ മാഞ്ചസ്റ്ററിന് സാധിക്കുമായിരുന്നു. എന്നാല്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം.

കളിയുടെ 17ാം മിനിട്ടില്‍ അലെജാന്‍ഡ്രോ ഗര്‍നാച്ചോയായിരുന്നു ഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോ യുടെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്.

മത്സരത്തിലെ വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആരാധകര്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഒരിക്കലും അവസാനിപ്പിക്കരുതെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.

‘ഞങ്ങള്‍ മുന്നോട്ട് കുതിക്കുകയാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങളിപ്പോള്‍. ഞങ്ങള്‍ക്ക് മേലുള്ള പ്രതീക്ഷകള്‍ ഒരിക്കലും കൈവിടാത്ത ആരാധകര്‍ക്ക് ഒരുപാട് നന്ദി,’ എന്നായിരുന്നു താരം കുറിച്ചത്.

മത്സരത്തില്‍ സോസിഡാഡ് മാഞ്ചസ്റ്റര്‍ ഗോള്‍മുഖത്തെ പല തവണ വിറപ്പിച്ചിരുന്നു. 13 ഷോട്ടുകളും അതില്‍ നാലെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗെറ്റുമായി റയല്‍ സോസിഡാഡ് യുണൈറ്റഡ് പ്രതിരോധ നിരയെ പലകുറി വിറപ്പിച്ചപ്പോള്‍ കേവലം നാല് ഷോട്ട് മാത്രമാണ് മാഞ്ചസ്റ്ററിന് അടിക്കാന്‍ സാധിച്ചത്.

അതില്‍ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് ആയത് ഒറ്റയൊന്ന് മാത്രമാണ്. എന്നാല്‍ ആ ഷോട്ട് സോസിഡാഡ് വല കുലുക്കുകയും മാഞ്ചസ്റ്ററിനെ വിജയിപ്പിക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ സോസിഡാഡിനായി. ഗോള്‍ വ്യത്യസത്തിന്റെ ബലത്തിലാണ് സോസിഡാഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമടക്കം 15 പോയിന്റാണ് റയല്‍ സോസിഡാഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുമുള്ളത്.

പ്രീമിയര്‍ ലീഗിലാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. പോയിന്റ് ടേബിളില്‍ 16ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയാണ് എതിരാളികള്‍. ആസ്റ്റണ്‍ വില്ലയുടെ ഹോം സ്‌റ്റേഡിയമായ വില്ല പാര്‍ക്കില്‍ നവംബര്‍ ആറിനാണ് മത്സരം.

Content Highlight: Cristiano Ronaldo thanks to Manchestrer United supporters

We use cookies to give you the best possible experience. Learn more