മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികളില്‍ നിന്നും തനിക്ക് വമ്പന്‍ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്ന വിവരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ക്ലബ്ബ് മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ യുണൈറ്റഡിന്റെ റൈവല്‍സില്‍ നിന്നുമാണ് തനിക്ക് ഓഫര്‍ വന്നിട്ടുള്ളതെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്.
മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ റോണാള്‍ഡോ തന്റെ ഭാവിയെ കുറിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് പ്രീമിയര്‍ ലീഗില്‍ നിന്നും ഓഫറെത്തിയതായി ക്ലബ്ബിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലീഷ് മാധ്യമമായ ദി സണ്ണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
റൊണാള്‍ഡോയും താരത്തിന്റെ ഏജന്റായ ജോര്‍ജ് മെന്‍ഡിസും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ക്ലബ്ബ് വിടാനുള്ള താത്പര്യം വീണ്ടും അറിയിച്ചിരുന്നു.
ഇതിന് പുറമെ റൊണാള്‍ഡോക്കായി ഇപ്പോഴും ഒരു ഓഫര്‍ നിലനില്‍ക്കുന്നുണ്ടെന്നും താരത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസ് പെട്ടെന്ന് തന്നെ തീരുമാനിക്കണമെന്നും മെന്‍ഡിസ് ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം റൊണാള്‍ഡോക്കായി ഏത് പ്രീമിയര്‍ ലീഗ് ക്ലബ്ബാണ് രംഗത്തുള്ളതെന്ന് വ്യക്തമല്ല.
നേരത്തെ ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, നാപ്പോളി എന്നിവരില്‍ ആരെങ്കിലും താരത്തെ ടീമിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരാള്‍ പോലും സി.ആര്‍. സെവനിനെ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല.
അതേസമയം, റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ തന്നെയാണ് താത്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ താരത്തെ ഈ സമ്മറില്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നും കരാര്‍ അവസാനിക്കുമ്പോള്‍ ക്ലബ്ബ് വിടാമെന്നുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പക്ഷം.
അതേസമയം, താരത്തെ ഒരിക്കലും ടീമിലെത്തിക്കരുതെന്നാവശ്യപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ നടത്തുന്ന ക്യാമ്പെയ്ന്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. #ContraCR7 എന്ന ക്യാമ്പെയ്‌നാണ് ട്രെന്റിങ്ങാവുന്നത്.
കഴിഞ്ഞ ദിവസം പ്രീ സീസണ്‍ മത്സരത്തില്‍ അത്‌ലറ്റിക്കോ – നുമാന്‍ഷി മത്സരത്തിനിടെ അത്‌ലറ്റിക്കോ ആരാധകര്‍ ഉയര്‍ത്തിയ ഒരു ബാനറും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.
‘സി.ആര്‍7ന് ഇവിടെ സ്വാഗതമില്ലെന്നാണ്’ ബാനറില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തെ ടീമിനാവശ്യമില്ലെന്ന് പരസ്യമായി രേഖപ്പെടുത്തുകയാണ് ആരാധകര്‍.
അത്‌ലറ്റിക്കോ ഓഫീഷ്യല്‍ ഫാന്‍സ് നേരത്തെ തന്നെ അദ്ദേഹത്തിനെതിരെ സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടിരുന്നു. മുമ്പ് റയല്‍ മാഡ്രിഡ് താരമായിരുന്ന റോണോയെ ടീമില്‍ എടുക്കേണ്ട എന്നുതന്നെയാണ് ആരാധകര്‍ ക്ലബ്ബിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.
Content Highlight: Cristiano Ronaldo tells Manchester United he does have offer from rival club