റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2018ലാണ് റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്.
റയല്‍ മാഡ്രിഡ് വിടാനുള്ള സാഹചര്യങ്ങളെക്കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു. ക്ലബ്ബില്‍ ആദ്യകാലങ്ങളില്‍ ലഭിച്ച പരിഗണന പിന്നീട് നഷ്ടമായെന്ന് തോന്നിയതിനാലാണ് താന്‍ റയല്‍ വിട്ടതെന്നാണ് പോര്‍ച്ചുഗീസ് ലെജന്റ് പറഞ്ഞത്.
‘ക്ലബ്ബിനുള്ളില്‍, പ്രത്യേകിച്ച് പ്രസിഡന്റില്‍ നിന്നും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന രീതിയില്‍ അവര്‍ എന്നെ പരിഗണിക്കുന്നില്ലെന്ന് എനിക്ക് തോന്നി. റയലിനൊപ്പമുള്ള നാലോ അഞ്ചോ വര്‍ഷങ്ങളില്‍ എനിക്ക് ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’ ആണെന്ന തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് കുറഞ്ഞുതുടങ്ങി. ഇതാണ് റയല്‍ വിടാന്‍ എന്നെ പ്രേരിപ്പിച്ചത്. ചിലപ്പോഴൊക്കെ ഞാന്‍ ന്യൂസുകള്‍ നോക്കും. ഞാന്‍ റയലിലേക്ക് തിരിച്ചുപോവണമെന്ന് വാര്‍ത്തകളില്‍ കാണാറുണ്ട്,’ റൊണാള്‍ഡോ ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്പാനിഷ് വമ്പന്മാര്‍ക്കായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 131 അസിസ്റ്റുകളും റയല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.
നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ താരമാണ്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
2024 യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ മത്സരത്തിൽ ക്രോയേഷ്യക്കെതിരെ ഗോള്‍ നേടിയതിനു പിന്നാലെ ഒരു ചരിത്രനേട്ടവും റൊണാള്‍ഡോ കൈപ്പിടിയിലാക്കിയിരുന്നു. ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്. ഫുട്‌ബോളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.
റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും നേടി.
അല്‍ നസറിനായി 68 ഗോളുകളും തന്റെ ബാല്യകാല ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിനൊപ്പം 131 തവണയും ലക്ഷ്യം കണ്ടു.
സെപ്റ്റംബര്‍ ഒമ്പതിന് സ്‌കോട്‌ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും റൊണാള്‍ഡോയുടെ ഗോളടിമികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Cristiano Ronaldo talks about why he left Real Madrid