റൊണാള്‍ഡോ 2015ല്‍ പ്രവചിച്ചു; ഇന്ന് പീരങ്കിപടയുടെ നട്ടെല്ലാണവന്‍
Football
റൊണാള്‍ഡോ 2015ല്‍ പ്രവചിച്ചു; ഇന്ന് പീരങ്കിപടയുടെ നട്ടെല്ലാണവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th December 2023, 8:06 pm

ആഴ്‌സണല്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡിന്റെ പ്രകടനങ്ങളെ കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2015ല്‍ സംസാരിച്ചിരുന്നു.

ലോക ഫുട്‌ബോളില്‍ മികച്ച ഭാവിയുള്ള 5 ഫുട്‌ബോള്‍ താരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ.

ഈഡന്‍ ഹസാഡ്, നെയ്മര്‍ ജൂനിയര്‍, പോള്‍ പോഗ്ബ, മെംഫിസ് ഡിപേ, ഒഡ്ഗാര്‍ഡ് എന്നീ താരങ്ങളുടെ പേരാണ് റൊണാള്‍ഡോ പറഞ്ഞത്.

ഭാവിയില്‍ മികച്ച താരമായി മാറാന്‍ സാധ്യതയുള്ള നിരവധി താരങ്ങളെ ഞാന്‍ കാണുന്നുണ്ട്. നോര്‍വേ താരം മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡിനെകുറിച്ച് ഞാന്‍ പറയും. അവനിപ്പോള്‍ വളരെ ചെറുപ്പമാണ് ഭാവിയില്‍ അവന്‍ മികച്ച കളിക്കാരനായി മാറാന്‍ സാധിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കളിക്കളത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും പലകാര്യങ്ങള്‍ പഠിക്കാനും അവന് നമ്മള്‍ സമയം കൊടുക്കണം. അതുകൊണ്ട് തന്നെ അവനില്‍ ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു,’ റൊണാള്‍ഡോ ബി.ടി സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

നീണ്ട എട്ടുവര്‍ഷത്തിനുശേഷം റൊണാള്‍ഡോയുടെ പ്രവചനം കൃത്യമായി ഫലിക്കുന്നതാണ് ഇന്ന് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് മാര്‍ട്ടിന്‍.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ നിന്നും 2021ലാണ് പീരങ്കിപടക്കൊപ്പം ചേരുന്നത്. ആഴ്‌സണലിനൊപ്പം മൂന്ന് സീസണുകളില്‍ പന്ത് തട്ടിയ താരം 128 മത്സരങ്ങളില്‍ നിന്നും 31 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2015 നോര്‍വിജയന്‍ ക്ലബ്ബായ സ്‌ട്രോസ്‌ഗോഡ്‌സെറ്റില്‍ നിന്നുമാണ് മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡ് ലോസ് ബ്ലാങ്കോസില്‍ എത്തുന്നത്. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 11 സീനിയര്‍ മത്സരങ്ങളില്‍ ആഴ്‌സണല്‍ നായകന്‍ ബൂട്ട് കെട്ടി.

ഈ സീസണിലും മിന്നും പ്രകടനമാണ് ഈ നോര്‍വീജിയന്‍ താരം ഗണ്ണേഴ്‌സിന് വേണ്ടി കാഴ്ചവെക്കുന്നത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മാര്‍ട്ടിന്റെ അക്കൗണ്ടിലുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും അടക്കം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 29ന് വെസ്റ്റ് ഹാമിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

Content Highlight: Cristiano Ronaldo talks about Martin Odegaard.