പോര്‍ച്ചുഗല്‍ താരം ഒട്ടാവോയെ അല്‍ നസര്‍ സൈന്‍ ചെയ്യുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ എഫ്.സി പോര്‍ട്ടോക്കായി കളിക്കുന്ന താരത്തെ വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ അല്‍ നസര്‍ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം നുണ പ്രചരണങ്ങള്‍ ആണെന്നും ക്ലബ്ബില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
‘അതെല്ലാം നുണയാണ്. ഇവിടെ ഒന്നും തീരുമാനിച്ചിട്ടില്ല. 10, 15 താരങ്ങള്‍ അല്‍ നസറിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ഒന്നും കണ്ടില്ല. ഞങ്ങളുടെ ടീം ശക്തിപ്പെടുത്താന്‍ പോകുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ അത് ഒരു താരത്തെയും ഉദ്ദേശിച്ച് പറഞ്ഞതല്ല,’ റൊണാള്‍ഡോ പറഞ്ഞു.
2025 വരെ കരാറുള്ള ഒട്ടോവയെ വില്‍ക്കുന്നതിനെ പറ്റി ക്ലബ്ബ് തീരുമാനിച്ചിട്ടില്ലെന്നും താരം പോര്‍ട്ടോയില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. 40 മില്യണ്‍ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.
അതേസമയം, അല്‍ നസറിലേക്ക് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ ക്ലബ്ബിലേക്കെത്തിക്കുകയാണ് സൗദി അറേബ്യ. താരത്തിന്റെ പ്രവേശനത്തോടെ സൗദി ലീഗിലുണ്ടായ പുരോഗതി തന്നെയാണ്ഇതിന് കാരണം.
റൊണാള്‍ഡോക്ക് പിന്നാലെ അല്‍ നസറിന്റെ ചിരവൈരികളും സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനക്കാരുമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമയെയും എന്‍ഗോളോ കാന്റെയെയും സ്വന്തമാക്കിയിരിക്കുകയാണ്.
സൗദി പ്രോ ലീഗിന്റെ നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോയെ മോഹവില നല്‍കി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 200 മില്യണ്‍ യൂറോയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറുമായി സൈനിങ് നടത്തിയത്.