| Thursday, 23rd March 2023, 6:05 pm

ആ താരത്തെ വിറ്റതില്‍ റയലിനോട് ദേഷ്യമുണ്ട്: റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്യൂട്ട് ഓസിലും. ഇരുവരും ചേര്‍ന്ന് റയലിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് ഓസിലിന് ക്ലബ്ബ് വിടേണ്ടി വന്നത്. താരത്തെ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ റൊണാള്‍ഡോ തന്റെ പ്രതിഷേധമറിയിച്ചിരുന്നു. റയല്‍ മാഡ്രിഡ് ഓസിലിനെ വിട്ടുനല്‍കാന്‍ തയ്യാറായത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും കളത്തില്‍ തന്റെ ചലനങ്ങള്‍ വളരെ നന്നായിട്ടറിയാവുന്ന താരമാണ് ഓസിലെന്നുമാണ് റോണോ അന്ന് പറഞ്ഞിരുന്നത്.

‘റയല്‍ മാഡ്രിഡ് ഓസിലിനെ വില്‍ക്കാന്‍ തീരുമാനിച്ചത് എന്നെ സംബന്ധിച്ച് വളരെ മോശം വാര്‍ത്തയാണ്. എന്റെ ചലനങ്ങളെ വളരെ നന്നായിട്ടറിയാവുന്ന താരമാണ് അദ്ദേഹം. ഓസില്‍ ക്ലബ്ബ് വിടുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്,’ റൊണാള്‍ഡോ മുമ്പ് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം ഓസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 34ാം വയസിലാണ് താരം തന്റെ കരിയറിന് വിരാമമിട്ടത്. ജര്‍മനിക്കായി 92 മത്സരങ്ങളില്‍ കളിക്കുകയും 2014 ലോകകപ്പ് നേടിയ ടീമില്‍ അംഗമാവുകയും ചെയ്ത ഓസില്‍ തുര്‍ക്കിയില്‍ ഇസ്താംബൂള്‍ ക്ലബിനായാണ് കളിച്ചുവന്നിരുന്നത്.

പരിക്ക് കാരണം ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ മാത്രമെ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. തുടര്‍ന്നാണ് താരം നിലവിലെ കരാര്‍ റദ്ദാക്കി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ജര്‍മന്‍ ക്ലബ് ഷാല്‍ക്കേയിലൂടെയാണ് മെസ്യൂട്ട് ഓസില്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ജര്‍മനിയിലെ തന്നെ ബ്രമനിലെത്തിയ താരം അവിടെ നിന്നാണ് 2010ല്‍ വിഖ്യാതമായ റയല്‍ മാഡ്രിഡ് ക്ലബിലെത്തിയത്.

2010 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഓസിലിനെ റയല്‍ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു. റയലിനൊപ്പം 2013 വരെ 105 മത്സരങ്ങള്‍ കളിച്ച താരം പിന്നീട് ആഴ്സണലിനേക്ക് ചേക്കേറി. എട്ട് വര്‍ഷത്തോളം ആഴ്സണലില്‍ കളിച്ചെങ്കിലും അവസാന കാലത്ത് പരിശീലകന്‍ ആര്‍റ്റേറ്റയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കാതെ വന്നു. ഇതോടെ ഒറ്റ സീസണിലേക്ക് ഫെനെര്‍ബാച്ചെയിലേക്കും അവിടുന്ന് ബഷക്ഷേറിലേക്കും കൂടുമാറുകയായിരുന്നു.

Content Highlights: Cristiano Ronaldo talking about Mesut Ozil

We use cookies to give you the best possible experience. Learn more