football news
'കുട്ടികളുടെയൊക്കെ Siuuu വീഡിയോ കാണുമ്പോഴുള്ള ഒരു സന്തോഷമുണ്ട്'; ഐതിഹാസികമായ സെലിബ്രേഷനെക്കുറിച്ച് മനസ് തുറന്ന് റോണോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 14, 06:29 pm
Wednesday, 14th June 2023, 11:59 pm

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സെലിബ്രേഷനായ Siuuu ഫുട്‌ബോള്‍ ലോകത്ത് മാത്രമല്ല കായിക ലോകത്താകെ പരിചിതമായ ഒന്നാണ്. റോണോയുടെ ട്രേഡ് മാര്‍ക്കായ ഈ ആഘോഷം പിന്നീട് പല താരങ്ങളും ഏറ്റെടുത്തിരുന്നു. 2014ല്‍ ബാലണ്‍ ഡി ഓര്‍ നേടിയതിന് ശേഷമാണ് റോണോ ആദ്യമായി ‘സിയു’ സെലിബ്രേഷന്‍ തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതെ എന്നാണ് ‘സിയു’ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം. ഗോളടിച്ചതിന് ശേഷം വേഗതയില്‍ ഓടി പ്രത്യേക ശൈലിയിലുള്ള ഒരു ചാട്ടത്തിലൂടെയാണ് റോണോ ‘സിയു’ സെലിബ്രേഷന്‍ പുറത്തെടുക്കാറുള്ളത്. തന്റെ ആഘോഷത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണിപ്പോള്‍ താരം.

സിയു ആഘോഷം മറ്റുള്ളവര്‍ അനുകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ചെറിയ കുട്ടികളൊക്കെ ഇത് ചെയ്യുന്ന വീഡിയോ കണുന്നത് ഇഷ്ടമാണെന്നും താരം പറഞ്ഞു. താന്‍ ഔദ്യോഗിക ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായ ലൈവ് സ്‌കോറിനോട് റൊണാള്‍ഡോയുടെ പ്രതികരണം.

‘സിയു ആഗോള പ്രതിഭാസമായി വളര്‍ന്നു. മറ്റ് കളിക്കാര്‍ ഇത് അനുകരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഇഷ്ടമാണ്.

മറ്റ് സ്‌പോര്‍ട്‌സിലുള്ള ആളുകളുടെ വീഡിയോകള്‍, ചെറിയ കുട്ടികള്‍ ഇത് ചെയ്യുന്നതിന്റെ വീഡിയോകളൊക്കെ ആളുകള്‍ എനിക്ക് അയച്ചുതരാറുണ്ട്. അത് വലിയ സന്തോഷമുള്ള കാര്യമാണ്,’ റോണോ പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ ആയിരുന്ന സമയത്ത് അമേരിക്കയില്‍ ചെല്‍സിക്കെതിരായി നടന്ന പ്രീ-സീസണ്‍ മത്സരത്തിനിടെ ഒരു നിമിഷത്തിന്റെ ആവേശത്തിലാണ് ഈ സെലിബ്രേഷന്‍ തുടങ്ങിയതെന്ന് റൊണാള്‍ഡോ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Content Highlight:  Cristiano Ronaldo Talk about trademark goal celebration siuuu