ഭാവിയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അല്‍ നസര്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉര്‍സു എന്ന തന്റെ വാട്ടര്‍ ബ്രാന്‍ഡിന്റെ ലോഞ്ചിങ് ചടങ്ങില്‍ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇതിഹാസ താരം.
അല്‍ നസറിനൊപ്പം രണ്ടോ മൂന്നോ സീസണുകള്‍ കൂടി കളിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോര്‍ച്ചുഗീസ് നായകന്‍ സ്ഥിരീകരിച്ചു. അതിന് ശേഷം വിരമിച്ചാല്‍ മാഡ്രിഡിലേക്ക് മടങ്ങാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ സൗദിയിലേക്ക് വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി. ‘അതുകൊണ്ടാണ് സൗദി ലീഗ് ഭാവിയില്‍ ലോകത്തെ തന്നെ മികച്ച അഞ്ചില്‍ ഇടംപിടിക്കുമെന്നും കൂടുതല്‍ കളിക്കാര്‍ വരുമെന്നും ഞാന്‍ പറഞ്ഞത്.
ഭാവിയില്‍ ഞാന്‍ ഒരു ക്ലബ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ അത് തള്ളിക്കളയുന്നില്ല,’ റൊണാള്‍ഡോ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്.
താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്. എന്നാല്‍ കീരീടങ്ങളെല്ലാം ക്ലബ്ബിനെ കൈവിടുന്ന കാഴ്ചയാണ് റോണോ ആരാധകര്‍ക്ക് കാണേണ്ടി വന്നത്.
Content Highlights: cristiano ronaldo speaks about his dream plan in future