| Saturday, 12th October 2024, 1:46 pm

അവന് ഒറ്റ ബാലണ്‍ ഡി ഓര്‍ പോലുമില്ല, എനിക്ക് മൂന്നെണ്ണമുണ്ട്; ബാഴ്‌സ ഇതിഹാസത്തിനെതിരെ ആഞ്ഞടിച്ച് റോണോ പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗലിന് യൂറോ കപ്പും റയല്‍ മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗും നേടിക്കൊടുത്തതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി 2016ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമെത്തിയിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനെയും മറികടന്നാണ് പോര്‍ച്ചുഗീസ് ലെജന്‍ഡ് അന്ന് പുരസ്‌കാരം സ്വന്തമാക്കിയത്.

745 പോയിന്റോടെയായിരുന്നു താരത്തിന്റെ പുരസ്‌കാരനേട്ടം. രണ്ടാമതുള്ള മെസിയേക്കാള്‍ 429 പോയിന്റിന്റെ വ്യത്യാസമാണ് റൊണാള്‍ഡോക്കുണ്ടായിരുന്നത്. മെസി 316 പോയിന്റ് നേടിയപ്പോള്‍ 198 പോയിന്റാണ് മൂന്നാമതുള്ള ഗ്രീസ്മാനുണ്ടായിരുന്നത്.

എന്നാല്‍ 2016ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ റൊണാള്‍ഡോ അര്‍ഹനല്ല എന്നാണ് ബാഴ്‌സലോണ ഇതിഹാസ താരം സാവി അന്ന് അഭിപ്രായപ്പെട്ടിരുന്നത്. റൊണാള്‍ഡോ ആ അവസരത്തില്‍ തന്നെ അതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

2016ല്‍ റൊണാള്‍ഡോയെക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മെസിയായിരുന്നു എന്നാണ് സാവി പറഞ്ഞിരുന്നത്. ടി.വി 3ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പുരസ്‌കാര വിതരണത്തിലെ തന്റെ അതൃപ്തി വ്യക്തമാക്കിയത്.

‘പ്രധാന ട്രോഫികള്‍ നേടിയത് മാത്രമാണ് അവര്‍ ജേതാവിനെ നിര്‍ണയിക്കാന്‍ പരിഗണിച്ചത്. എന്നാല്‍ ട്രോഫികള്‍ കണക്കാക്കിയല്ലാതെ മികച്ച താരത്തെ അവര്‍ ഇതിന് മുമ്പ് തെരഞ്ഞെടുത്തിരുന്നു. മറ്റാരെങ്കിലുമൊക്കെ നേടിയ ട്രോഫി ഉണ്ടായിരുന്നിട്ടും മെസി തന്നെയാണ് മികച്ചത്,’ എന്നായിരുന്നു സാവി പറഞ്ഞത്.

എന്നാല്‍ സാവിക്ക് ഒരിക്കല്‍പ്പോലും പുരസ്‌കാരം നേടാന്‍ സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റൊണാള്‍ഡോ ഇതിന് മറുപടി നല്‍കിയത്.

‘ഫ്രണ്ട് പേജില്‍ ഇടം നേടാന്‍ എന്നെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാവി ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ നേടിയിട്ടില്ല. ഞാന്‍ മൂന്ന് തവണ അത് നേടിയിട്ടുണ്ട്,’ എന്നായിരുന്നു റയല്‍ ലെജന്‍ഡിന്റെ മറുപടി.

2016ല്‍ തന്റെ നാലാം ബാലണ്‍ ഡി ഓര്‍ നേടിയ താരം 2017ല്‍ ഒരിക്കല്‍ക്കൂടി സുവര്‍ണ ഗോളം തന്റെ കയ്യിലേറ്റുവാങ്ങിയിരുന്നു.

ആ സീസണിലെ 12 യു.സി.എല്‍ മത്സരത്തില്‍ നിന്നും 16 ഗോളും നാല് അസിസ്റ്റുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. വെറും ഒരു പോയിന്റിനായിരുന്നു ബാഴ്‌സക്ക് മുമ്പില്‍ റയലിന് ലാ ലിഗ കിരീടം അടിയറവ് വെക്കേണ്ടി വന്നത്.

ആ വര്‍ഷം തന്നെ റൊണാള്‍ഡോ തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടവും നേടിയിരുന്നു. യൂറോ കപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് പറങ്കിപ്പട കിരീടമണിഞ്ഞത്.

Content highlight: Cristiano Ronaldo slams Xavi Hernandez

We use cookies to give you the best possible experience. Learn more