മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയും മുന്‍ ഇംഗ്ലണ്ട് ഇന്റര്‍നാഷണലുമായ വെയ്ന്‍ റൂണിക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോക്കെതിരെ റൂണി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ വെയ്ന്‍ റൂണി റൊണാള്‍ഡോക്കെതിരെ രംഗത്തുവന്നിരുന്നു. താരത്തിന് ക്ലബ്ബ് മാനേജര്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും അത് ഒരിക്കലും അംഗീകരിക്കാവുന്ന സംഗതിയല്ല എന്നുമായിരുന്നു റൂണിയുടെ വിമര്‍ശനം.
എന്തുകൊണ്ടാണ് റൂണി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നും, അവന്റെ കരിയര്‍ അവസാനിച്ചപ്പോഴും താന്‍ മികച്ച രീതിയില്‍ കളി തുടരുന്നത് കൊണ്ടാകാമെന്നും റൊണാള്‍ഡോ പറയുന്നു.
ടോക്ക് ടി.വിയില്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ചിലപ്പോള്‍ അവന്റെ കരിയര്‍ അവസാനിച്ചതിന് ശേഷവും ഞാന്‍ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയും കളി തുടരുകയും ചെയ്യുന്നത് കൊണ്ടാവാം. ഞാന്‍ അവനേക്കാള്‍ മികച്ചവനാണെന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് സത്യമായ കാര്യവുമാണ്,’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
എറിക് ടെന്‍ ഹാഗിനെ ബഹുമാനിക്കുന്നില്ല എന്ന വിമര്‍ശനത്തിനും റൊണാള്‍ഡോ മറുപടി നല്‍കി. തന്നെ ബഹുമാനിക്കാത്തവരെ താനും ബഹുമാനിക്കില്ല എന്ന നിലപാടാണ് ടെന്‍ ഹാഗിന്റെ കാര്യത്തിലും റൊണാള്‍ഡോക്കുള്ളത്.
‘ഞാന്‍ അയാളെ ബഹുമാനിക്കുന്നില്ല, കാരണം അയാള്‍ എനിക്ക് ഒരു ബഹുമാനവും നല്‍കുന്നില്ല, താരം പറഞ്ഞു
‘കോച്ച് മാത്രമല്ല, ക്ലബ്ബിലെ മറ്റ് രണ്ട് മൂന്ന് ആളുകളും എന്നോട് ഇങ്ങനെയാണ് പെരുമാറുന്നത്. ഞാന്‍ ചതിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് നാളുകള്‍ ഒന്നിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചവരാണ് റൊണാള്‍ഡോയും റൂണിയും. കളിക്കുക മാത്രമല്ല മാഞ്ചസ്റ്ററിന് പല കിരീടങ്ങളും ഇരുവരും ചേര്‍ന്ന് നേടിക്കൊടുത്തതുമാണ്.
റൊണാള്‍ഡോയുടെ ഇത്തരം പരാമര്‍ശങ്ങള്‍ ചെറിയ തോതിലുള്ള അമ്പരപ്പൊന്നുമല്ല ഫുട്‌ബോള്‍ ലോകത്ത് സൃഷ്ടിക്കുന്നത്. ടീമിനെതിരെയും കോച്ചിനെതിയും അത്രത്തോളം കടുത്ത ഭാഷയിലാണ് റൊണാള്‍ഡോ വിമര്‍ശന ശരങ്ങളെയ്യുന്നത്.
2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.
സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു. ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Cristiano Ronaldo slams Wayne Rooney