റയല്‍ മാഡ്രിഡില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്യൂട്ട് ഓസിലും. ഇരുവരും ചേര്‍ന്ന് റയലിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് ഓസിലിന് ക്ലബ്ബ് വിടേണ്ടി വന്നത്.
താരത്തെ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ റൊണാള്‍ഡോ തന്റെ പ്രതിഷേധമറിയിച്ചിരുന്നു. റയല്‍ മാഡ്രിഡ് ഓസിലിനെ വിട്ടുനല്‍കാന്‍ തയ്യാറായത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും കളത്തില്‍ തന്റെ ചലനങ്ങള്‍ വളരെ നന്നായിട്ടറിയാവുന്ന താരമാണ് ഓസിലെന്നുമാണ് റോണോ അന്ന് പറഞ്ഞിരുന്നത്.
‘റയല്‍ മാഡ്രിഡ് ഓസിലിനെ വില്‍ക്കാന്‍ തീരുമാനിച്ചത് എന്നെ സംബന്ധിച്ച് വളരെ മോശം വാര്‍ത്തയാണ്. എന്റെ ചലനങ്ങളെ വളരെ നന്നായിട്ടറിയാവുന്ന താരമാണ് അദ്ദേഹം. ഓസില്‍ ക്ലബ്ബ് വിടുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്,’ എന്നാണ് റൊണാള്‍ഡോ മുമ്പ് പറഞ്ഞത്.
2010 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഓസിലിനെ റയല്‍ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു. റയലിനൊപ്പം 2013 വരെ 105 മത്സരങ്ങള്‍ കളിച്ച താരം പിന്നീട് ആഴ്‌സണലിലേക്ക് ചേക്കേറി.
എട്ട് വര്‍ഷത്തോളം ആഴ്‌സണലില്‍ കളിച്ചെങ്കിലും അവസാന കാലത്ത് പരിശീലകന്‍ ആര്‍റ്റേറ്റയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കാതെ വന്നു. ഇതോടെ ഒറ്റ സീസണിലേക്ക് ഫെനെര്‍ബാച്ചെയിലേക്കും അവിടുന്ന് ബഷക്ഷേറിലേക്കും കൂടുമാറുകയായിരുന്നു.
അതേസമയം, കോപ്പ ഡെല്‍ റേ ട്രോഫിയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ഈ ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ 2, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
മെയ് 10ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. സെമി ഫൈനലിലെ ഒന്നാം പാദ മത്സരം സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് നടക്കുക.