| Thursday, 23rd March 2023, 9:11 am

'പ്രീമിയര്‍ ലീഗ് പോലെയല്ല, സൗദി ലീഗ് വേറെ ലെവല്‍'; അനുഭവം പങ്കുവെച്ച് ക്രിസ്റ്റ്യാനോ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ കളിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗ് പോലെയല്ല എസ്.പി.എല്‍ എന്നും സൗദി ലീഗ് തന്നെ അത്ഭുതപ്പെടുത്തിയെന്നും റോണോ പറഞ്ഞു. യൂറോ 2024 ക്വാളിഫയേഴ്‌സില്‍ പോര്‍ച്ചുഗല്‍ ടീം ലീച്ചെന്‍സ്‌റ്റെയ്‌നിനെ നേരിടുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം സൗദി ലീഗിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘സൗദി ലീഗ് പ്രീമിയര്‍ ലീഗ് പോലെയല്ല. ഞാന്‍ വെറുതെ പറയുന്നതല്ല. അത് ശരിക്കുമെന്നെ ഞെട്ടിച്ചുകളഞ്ഞു. തീര്‍ച്ചയായും സൗദിക്ക് വലിയൊരു ലീഗായി മാറാന്‍ കഴിയും. കാരണം അവര്‍ അത്രത്തോളം മെച്ചപ്പെടാന്‍ ശ്രമിക്കുന്നുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.

പ്രതിവര്‍ഷം 225 മില്യണ്‍ ഡോളറിനാണ് പോര്‍ച്ചുഗീസ് ഇതിഹാസ താരം റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസര്‍ സൈന്‍ ചെയ്തത്. റൊണാള്‍ഡോയുടെ കടന്ന് വരവോടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അല്‍ നസറും സൗദി പ്രോ ലീഗും.

അല്‍ നസറില്‍ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന റൊണാള്‍ഡോ സൗദി ക്ലബ്ബ് അവസാനം നേടിയ 10 ഗോളുകളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കൂടാതെ അല്‍ നസറിനായി ആറ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കാനും റൊണാള്‍ഡോക്കായി.

Content Highlights: Cristiano Ronaldo shares experience of Saudi Pro League

We use cookies to give you the best possible experience. Learn more